അമേരിക്ക ആക്രമിച്ചാല്‍ തങ്ങള്‍ തിരിച്ചടിക്കുക ഇസ്രായേലിനെതിരെയെന്ന് ഇറാന്‍, ഇസ്രായേലിനെ അരമണിക്കൂറിനുള്ളില്‍ നാമാവശേഷമാക്കുമെന്നും മുന്നറിയിപ്പ്


JULY 2, 2019, 4:53 PM IST


ടെഹ്‌റാന്‍: അമേരിക്ക തങ്ങളെ ആക്രമിക്കുന്ന പക്ഷം തങ്ങളുടെ പ്രത്യാക്രമണം ഇസ്രായേലിനെതിരാകുമെന്ന് ഇറാന്‍. മാത്രമല്ല, അരമണിക്കൂറിനുള്ളില്‍ ഇസ്രായേലിനെ ഭൂമുഖത്തുനിന്നും ഇല്ലാതാക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. 

അറബിക് ന്യൂസ് ചാനലായ അല്‍ അലാമിനോട് സംസാരിക്കവേ ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ വിദേശ നയ കമ്മീഷന്‍ ചെയര്‍മാനായ മൊജ്താബ സൊന്നൂര്‍ ആണ് ഇക്കാര്യം പറഞ്ഞത്. ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ ഇസ്രയേലിന്റെ ആയുസ് അരമണിക്കൂര്‍ മാത്രമേയുള്ളുവെന്ന് മൊജ്താബ  പറഞ്ഞു.

ഇറാന്‍-അമേരിക്ക ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പലപ്പോഴും യുദ്ധം തന്നെ സംജാതമായി. പ്രസിഡന്റ് ട്രമ്പ് ഒരിക്കല്‍ യുദ്ധത്തിനാഹ്വാനം ചെയ്യുകയും പിന്നീടത് മാറ്റുകയുമായിരുന്നു. ഇറാന്‍ തങ്ങളുടെ മില്ല്യണ്‍ ഡോളര്‍ വിലവരുന്ന ഡ്രോണ്‍ വെടിവച്ചിട്ടതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. എന്നാല്‍ 150 പേരോളം കൊല്ലപ്പെട്ടേക്കാമെന്നതിനാല്‍ ആക്രമണം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന ട്രമ്പിന്റെ അവകാശവാദം തെറ്റാണെന്ന് മൊജ്താബ പറഞ്ഞു.

തോല്‍ക്കുമെന്നുറപ്പുണ്ടായിരുന്നതുകൊണ്ടാണ് ട്രമ്പ് പിന്‍മാറിയതെന്നും പിന്നീട് ന്യായങ്ങള്‍ നിരത്തി സ്വയം അപഹാസ്യനാവുകയാണെന്നും അദ്ദേഹം കളിയാക്കി.


Other News