കോടതിയിലേക്ക് പോകുന്നതിനിടെ ഇമ്രാന്‍ ഖാന്റെ അകമ്പടി വാഹനം മറിഞ്ഞു


MARCH 18, 2023, 3:28 PM IST

ഇസ്ലാമാബാദ്: തോഷഖാന കേസില്‍ കോടതിയില്‍ ഹാജരാകാന്‍ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) തലവനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ ശനിയാഴ്ച  ഇസ്ലാമാബാദിലേക്ക് പോകുന്നതിനിടെ  അദ്ദേഹത്തിന്റെ അകമ്പടി വാഹനവ്യൂഹത്തിലെ ഒരു വാഹനം മറിഞ്ഞതായി എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍ ശനിയാഴ്ച ഹാജരാകണമെന്ന് ഖാന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹാജരാകുന്നത് വരെ അദ്ദേഹത്തെ അറസ്റ്റുചെയ്യരുതെന്ന് കോടതി പോലീസിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ശനിയാഴ്ച നേരത്തെ ലാഹോറിലെ സമാന്‍ പാര്‍ക്കിലെ വസതിയില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദിലേക്ക് പുറപ്പെട്ടു.

ഖാന്റെ വരവുമായി ബന്ധപ്പെട്ട് ക്രമസമാധാന ഭഞ്ജനം ഉണ്ടാകാതിരിക്കാന്‍ ഇസ്ലാമാബാദിലെ ജുഡീഷ്യറി കോംപ്ലക്സിലും പരിസര പ്രദേശത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിരുന്നു.

ഇമ്രാന്‍ ഖാന്റെ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് വെള്ളിയാഴ്ച പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തോഷഖാന കേസ് വാദം കേള്‍ക്കുന്ന സ്ഥലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് താരതമ്യേന സുരക്ഷിതമായ ജുഡീഷ്യല്‍ കോംപ്ലക്‌സിലേക്ക് മാറ്റുകയായിരുന്നുവെന്ന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

തന്റെ അഭിഭാഷകനില്‍ നിന്ന് 'സുരക്ഷാ ഭീഷണി' ഉണ്ടെന്ന് ആരോപിച്ച് പതിവായി കോടതി തീയതികള്‍ ഒഴിവാക്കിയതിന് മുന്‍ പ്രധാനമന്ത്രിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതെതുടര്‍ന്നാണ് ശനിയാഴ്ച അഡീഷണല്‍ സെഷന്‍ ജഡ്ജി സഫര്‍ ഇഖ്ബാലിന് മുമ്പാകെ ഇമ്രാന്‍ ഖാന്‍ ഹാജരായത്.

മാര്‍ച്ച് 14-ന്, കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഖാനെ അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമാബാദ് പോലീസ് ലാഹോറിലേക്ക് പോയപ്പോള്‍, അനുയായികള്‍ പോലീസിനെ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിരുന്നു. പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലിനിടെ ഇസ്ലാമാബാദില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള 60 ലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിരവധി പിടിഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ലാഹോര്‍ ഹൈക്കോടതി (എല്‍എച്ച്സി) ഒമ്പത് കേസുകളില്‍ ഇമ്രാന്‍ ഖാന് സംരക്ഷണ ജാമ്യം ലഭിച്ചു.

ഇസ്ലാമാബാദിലെ അഞ്ച് കേസുകള്‍ക്കും ലാഹോറിലെ മൂന്ന് കേസുകള്‍ക്കുമാണ് സംരക്ഷണ ജാമ്യം അനുവദിച്ചത്.

മാര്‍ച്ച് 27 വരെ ലാഹോറില്‍ ഫയല്‍ ചെയ്ത കേസുകളില്‍ ഇമ്രാന്‍ ഖാന് ജാമ്യം കിട്ടി. ഇസ്ലാമാബാദിലെ അഞ്ച് കേസുകളില്‍ സംരക്ഷണ ജാമ്യം മാര്‍ച്ച് 24 വരെ അംഗീകരിച്ചു.

Other News