യുദ്ധഭീഷണി മുഴക്കി ഇമ്രാന്‍ ഖാന്‍


AUGUST 14, 2019, 6:18 PM IST

ഇസ്ലാമാബാദ്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദുചെയ്ത ഇന്ത്യന്‍ നടപടിയില്‍ വിറളി പൂണ്ട പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒടുവില്‍ യുദ്ധഭീഷണിയുമായി രംഗത്ത്. ഇന്ത്യയുടെ അടുത്തനടപടി എന്തായിരിക്കുമെന്ന് പാക്കിസ്ഥാനറിയാമെന്നും തിരിച്ചടിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍ വീമ്പിളക്കി. ബല്‍ക്കോട്ട് ആക്രമണത്തിന് പുറകെ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനെക്കുറിച്ച് പ്രതിപാദിച്ചായിരുന്നു ഇമ്രാന്‍ഖാന്റെ വാക്‌പോര്. ഇന്ത്യ ഇനിയും അക്രമത്തിന് മുതിരുമെന്നും എത്രയും പെട്ടെന്ന് യു.എന്‍ ജമ്മുകാശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തില്‍ പാക്ക് അധിനിവേശ കാശ്മീര്‍ സന്ദര്‍ശിക്കവേയായിരുന്നു ഇമ്രാന്‍ ഖാന്റെ ആക്രോശം.  ഇന്ത്യയുടെ നടപടി സ്വയം ആപത്ത് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് ഇമ്രാന്‍ പറഞ്ഞു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ കാശ്മീരിന്റെ അംബാസിഡറാവുകയാണ്. എല്ലാ അന്താരാഷ്ട്രവേദികളിലും കാശ്മീരിലെ ഇന്ത്യന്‍ കടന്നുകയറ്റത്തെക്കുറിച്ച് പ്രതിപാദിക്കും. കാശ്മീരികളുടെ ദുരവസ്ഥയില്‍ പാക്കിസ്ഥാനൊപ്പമുണ്ടാകും.

ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകം എടുത്തിട്ട ഇമ്രാന്‍ ഇത് കാശ്മീരില്‍ ആവര്‍ത്തിക്കുമെന്നും ഇന്ത്യയിലെ മുസ്ലിം സമൂഹം പേടിയോടെയാണ് കഴിയുന്നതെന്നും കൂട്ടിച്ചേര്‍ത്തു.എന്നാല്‍ തന്റെ വാക്ശരങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്തതില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നിരാശനാണെന്നായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രതികരണം. അതിന്റെ സങ്കോചം ഇമ്രാന്‍ഖാന്റെ മുഖത്തും ശരീരഭാഷയിലും പ്രകടമാണെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ കളിയാക്കി.

നേരത്തെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച ഇമ്രാന്‍ ഖാന്‍ മോഡി സര്‍ക്കാറിനെ നാസി ഭരണകൂടത്തോട് ഉപമിച്ചിരുന്നു. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ നാസി ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും കാശ്മീര്‍ വിഷയത്തിലെ അന്തര്‍ദ്ദേശീയ സമൂഹത്തിന്റെ മൗനം ഹിറ്റ്‌ലറിനെ പ്രീതിപ്പെടുത്തിയതിന് തുല്യമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കാശ്മീരിന്റെ കുത്തകാവകാശം കാശ്മീരികളില്‍ നിന്നും മാറ്റാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ തീരുമാനം സംസ്ഥാനത്തെ ജനസംഖ്യാനുപാതം അട്ടിമറിക്കുന്നതാണ്. ഇത് ഹിറ്റ്‌ലര്‍ നടത്തിയ വംശഹത്യയ്ക്ക് തുല്യമാണെന്നും ഇമ്രാന്‍ പ്രതികരിച്ചു.

Other News