പാക്കിസ്ഥാനില്‍ മാര്‍ച്ച് 16 ന് 33 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന്‍ മുഴുവന്‍ സീറ്റിലും മത്സരിക്കും


JANUARY 30, 2023, 6:49 PM IST

ഇസ്ലാമാബാദ്: പാകിസ്താന്‍ ദേശീയ അസംബ്ലിയിലെ 33 സീറ്റുകളിലേക്ക് മാര്‍ച്ച് 16നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലേക്കും ഇമ്രാന്‍ ഖാന്‍ മല്‍സരിക്കും. പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയുടെ തലവനായ ഇമ്രാന്‍ ഖാന്‍ ആണ് 33 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥിയെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഷാ മഹ്മൂദ് ഖുറേഷിയെ ഉദ്ധരിച്ച് ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പി.ടി.ഐയുടെ എം.പിമാര്‍ കൂട്ടത്തോടെ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജി പിന്‍വലിക്കുന്നതായി അറിയിച്ച് പിന്നീട് കത്ത് നല്‍കിയെങ്കിലും സ്പീക്കര്‍ രാജ പര്‍വേസ് അഷ്റഫ് രാജി സ്വീകരിക്കുകയായിരുന്നു.

2022 ഏപ്രിലില്‍ ഇമ്രാന്‍ ഖാനെ ദേശീയ അസംബ്ലിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് പി.ടി.ഐ എം.പിമാര്‍ കൂട്ടത്തോടെ രാജിവച്ചത്. ആദ്യം 11 എം.പിമാരുടെ രാജി മാത്രമാണ് സ്പീക്കര്‍ സ്വീകരിച്ചത്. എട്ട് മാസത്തോളം നടപടികള്‍ നിര്‍ത്തിവെച്ച ശേഷം, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെതിരേ വിശ്വാസവോട്ടെടുപ്പ് ഉണ്ടാവുമെന്ന സൂചന വന്നതോടെ 34 പി.ടി.ഐ എം.പിമാരുടെയും അവാമി മുസ്ലിം ലീഗ് നേതാവ് ഷെയ്ഖ് റാഷിദിന്റെയും രാജി സ്പീക്കര്‍ സ്വീകരിക്കുകയായിരുന്നു. രാജി സ്വീകരിച്ച പി.ടി.ഐ എം.പിമാരുടെ ആകെ എണ്ണം 80 ആണ്.

Other News