വൈദ്യുതി പ്രതിസന്ധി; പ്രകൃതി വാതക വിതരണത്തിന് വേഗം കൂട്ടാന്‍ ഖത്തറില്‍ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യ


OCTOBER 18, 2021, 10:05 PM IST

ദോഹ: അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധി അനുഭവിക്കുന്ന ഇന്ത്യ ദ്രവീകൃത പ്രകൃതി വാതക വിതരണം വേഗത്തിലാക്കാന്‍ ഖത്തറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ആഗോളതലത്തില്‍ ഊര്‍ജ്ജോത്പാദന വസ്തുക്കളുടെ ഉയര്‍ന്ന വിലയും കല്‍ക്കരി ക്ഷാമവും കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് തള്ളിവിട്ട ഇന്ത്യയില്‍ 2016 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. 

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് എത്തേണ്ടിയിരുന്ന നിരവധി ചരക്കുകള്‍ ഖത്തര്‍ ഗ്യാസിന്റെ അടിസ്ഥാന സൗകര്യ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് വൈകിയിരുന്നു. ഇവ വേഗത്തില്‍ കൈമാറണമെന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിക്കുന്നത്. അന്‍പത് ദ്രവീകൃത പ്രകൃതി വാതക ചരക്കുകളാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താനുള്ളത്. അവയെല്ലാം എത്രയും പെട്ടെന്ന് അയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ എണ്ണ മന്ത്രാലയമാണ് ഖത്തര്‍ ഗ്യാസിന് കത്തയച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ആവശ്യകത കുറഞ്ഞതിനെ തുടര്‍ന്ന് എട്ട് ചരക്കുകള്‍ അയക്കേണ്ടതില്ലെന്ന് ന്യൂഡല്‍ഹി ആവശ്യപ്പെട്ടിരുന്നു. അവ കൂടി ഇത്തവണ അനുവദിക്കണമെന്ന ആവശ്യവും കത്തിലുണ്ട്. ആകെ 58 ദ്രവീകൃത പ്രകൃതി വാതക ചരക്കുകള്‍ ഖത്തര്‍ ഇന്ത്യയിലേക്ക് സമയം വൈകാതെ അയക്കണമെന്ന ആവശ്യമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. 

ഇന്ത്യയിലെ മുന്‍നിര വാതക ഇറക്കുമതിക്കാരായ പെട്രോനെറ്റ് എല്‍ എന്‍ ജി ഖത്തറില്‍ നിന്ന് ഏഴര മില്യന്‍ ടണ്‍ എല്‍ എന്‍ ജിയും ഓസ്‌ട്രേലിയയിലെ എക്‌സോണ്‍സ് ഗോര്‍ഗോണ്‍ പ്രൊജക്ടില്‍ നിന്ന് 1.44 മില്യന്‍ ടണ്‍ എല്‍ എന്‍ ജിയും പ്രതിവര്‍ഷം വാങ്ങാനാണ് ദീര്‍ഘകാല കരാറുള്ളത്. 

ഇന്ത്യയില്‍ 24 ജിഗാവാട്ട് ഗ്യാസ് ഉപയോഗി്ചുള്ള വൈദ്യുതി ശേഷിയുണ്ട്. അതില്‍ 14 ജിഗാവാട്ട് ഗ്യാസ് ലഭ്യമല്ലാത്തതിനാല്‍ പത്ത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ല. ശേഷിക്കുന്ന പ്ലാന്റുകളാവട്ടെ വളരെ കുറഞ്ഞ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്. 

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് വൈദ്യുതി ഉത്പാദന മേഖലകളില്‍ കടുത്ത ക്ഷാമം നേരിടുമ്പോള്‍ ഗ്യാസ് ഉപയോഗിച്ച് പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ കൂടി നടത്താനാണ് ഖത്തറിനു മേല്‍ ഇന്ത്യ നടത്തുന്ന സമ്മര്‍ദ്ദമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Other News