ന്യൂഡല്‍ഹി: പുതിയ ആഗോള ഭീകരതാ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് 13. തീവ്രവാദം അള്ളിപ്പിടിച്ച ആദ്യ 25 രാജ്യങ്ങളലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ യുദ്ധമോ തീവ്രവാദമോ ഇന്ത്യയിലെ പ്രതിദിന ജീവിതത്തെ ബാധിക്കുന്നില്ല.
ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്താന്‍ ആറാം സ്ഥാനത്താണുള്ളത്. പാക്കിസ്ഥാനില്‍ ഭീകരതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 643 പേരാണ് കൊല്ലപ്പെട്ടത്. പത്ത് വര്‍ഷത്തിനിടെയുണ്ടായ മരണങ്ങളിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. മരിച്ചവരില്‍ 55 ശതമാനവും പാക് സൈനികരാണെന്നത് ശ്രദ്ധേയമാണ്.
ജി ടി ഐയുടെ (ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സ് 2023) ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ അഫ്ഗാനിസ്ഥാനാണ് ഒന്നാം സ്ഥാനം. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് അഫ്ഗാനിസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ഒന്നാമതാണെങ്കില്‍ ശ്രദ്ധേയമായ കാര്യം അഫ്ഗാനിസ്ഥാനില്‍ ആക്രമണങ്ങള്‍ 75 ശതമാനവും തുടര്‍ന്നുള്ള മരണങ്ങള്‍ 58 ശതമാനവും കുറഞ്ഞുവെന്നതാണ്. എന്നിട്ടുംപക്ഷേ അവര്‍ ഒന്നാമതുതന്നെയാണ്. 2022ല്‍ അഫ്ഗാനിസ്ഥാനില്‍ 633 മരണങ്ങളാണ് രേഖപ്പെടുത്തിയത്.
2022 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാന്‍ (ദായിഷ്) ലോകത്തിലെ ഏറ്റവും സജീവമായ തീവ്രവാദ സംഘടനയായി മാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ല്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന മൊത്തം മരണങ്ങളില്‍ 67 ശതമാനവും ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാന്‍ മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൗതുകകരമായ മറ്റൊരു കാര്യം റഷ്യ- യുക്രെയ്ന്‍ യുദ്ധം തുടരുമ്പോഴും പട്ടികയില്‍ റഷ്യയുടെ സ്ഥാനം അമേരിക്കയേക്കാള്‍ താഴെയാണെന്നതാണ്. അമേരിക്ക 30-ാം സ്ഥാനത്തും റഷ്യ 45-ാം സ്ഥാനത്തുമാണ് പട്ടികയില്‍ ഇടം പിടിച്ചത്. എഴുപത്തിമൂന്നാം സ്ഥാനത്താണ് യുക്രെയ്‌നുള്ളത്. അഫ്ഗാനിസ്ഥാന്‍, ബുര്‍കിനോ ഫാസോ, സോമാലിയ, മാലി, സിറിയ, പാകിസ്ഥാന്‍, ഇറാഖ്, നെജീരിയ, മ്യാന്മാര്‍, നിഗര്‍ എന്നിവയാണ് പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍.