മൊറാലിസിനെതിരെ ക്രിമിനൽ കുറ്റമാരോപിച്ച് ഇടക്കാല സർക്കാർ അന്താരാഷ്ട്ര കോടതിയിലേക്ക്


DECEMBER 1, 2019, 11:23 PM IST

 ലാ പാസ്:മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ ക്രിമിനൽ കുറ്റമാരോപിച്ച് ബൊളീവിയയിലെ ഇടക്കാല സർക്കാർ. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അടുത്തദിവസങ്ങളിൽ തന്നെ മൊറാലിസിനെതിരെ പരാതി നൽകുമെന്ന് ആഭ്യന്തരമന്ത്രി അർതുറോ മുറില്ലോ വ്യക്തമാക്കി.

മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളാണ് മൊറാലിസിനെതിരെ ആരോപിക്കുന്നത്.മുമ്പ് രാജ്യദ്രോഹം, ഭീകരത എന്നീ കുറ്റങ്ങളാരോപിച്ച് മൊറാലിസിനെതിരെ ബൊളീവിയയിൽ കേസ് ഫയൽ ചെയ്‌തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇടക്കാല സർക്കാരിന്റെ പുതിയ നീക്കം. മൊറാലിസിനെതിരായ തെളിവുകളെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ മുറില്ലോ മാധ്യമപ്രവർത്തകരെ കാണിക്കുകയും ചെയ്‌തു.

കർശന നിർദേശങ്ങളിലൂടെ, ഇടക്കാല സർക്കാരിനെതിരെ സമരം തുടരാൻ പ്രതിഷേധക്കാരെ മൊറാലിസ് പ്രേരിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലെന്നാണ് വിവരം. മൊറാലിസിന്റെ നടപടി ഇത് പ്രതിഷേധത്തിനും തുടർന്നുള്ള ഗതാഗതസ്തംഭനത്തിനും അതുവഴിയുണ്ടായ ഭക്ഷ്യക്ഷാമത്തിനും കാരണമായെന്നും മുറില്ലോ കുറ്റപ്പെടുത്തി.

എന്നാൽ ഈ വീഡിയോ വ്യാജസൃഷ്‌ടിയാണെന്ന് മൊറാലിസ് പ്രതികരിച്ചതായി സ്പുട്‌നിക് റിപ്പോർട്ട് ചെയ്‌തു.അതേസമയം രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇടക്കാല പ്രസിഡന്റ് ജിയനിൻ അനെസ് പ്രതിപക്ഷപാർട്ടികളുമായി കൂടിക്കാഴ്ച നടത്തി.

Other News