ഹേഗ്: യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് കോടതി പുടിന് യുദ്ധത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
യുക്രെയ്‌നില്‍ താമസിക്കുന്ന കുട്ടികളെ റഷ്യയിലേക്ക് അനധികൃതമായി നാടുകടത്തിയതില്‍ പുടിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കോടതി പ്രസ്താവനയിറക്കി. പുടിനെ കൂടാതെ റഷ്യയിലെ ബാലാവകാശ കമ്മീഷന്റെ പ്രസിഡന്‍ഷ്യല്‍ കമ്മീഷണറായ മരിയ അലക്‌സിയെവ്‌നയ്‌ക്കെതിരെയും വാറണ്ടുണ്ട്.
എന്നാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വാറണ്ട് റഷ്യ തള്ളിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ സംബന്ധിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന അറസ്റ്റ് വാറണ്ട് അര്‍ഥമില്ലാത്തതാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖോര്‍വ പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം ചട്ടത്തില്‍ റഷ്യ കക്ഷി ചേര്‍ന്നിട്ടില്ലെന്നും അതുകൊണ്ട് വാറണ്ട് ബാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റോം ചട്ടത്തില്‍ റഷ്യ കക്ഷി ചേര്‍ന്നിട്ടില്ലെന്നത് അപ്രസക്തമാണെന്നാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രസിഡന്റ് പിയോറ്റര്‍ ഹോഫ്മാന്‍സ്‌കിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്.
്അന്താരാഷ്ട്ര ക്രമിനില്‍ കോടതിയുടെ തീരുമാനം സ്വീകരിക്കുന്നതായി യുക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ആന്‍ഡ്രി കോസ്റ്റിന്‍ അറിയിച്ചു. റഷ്യ കുറ്റവാളികളാണെന്നും അതിന്റെ നേതൃത്വത്തിന് കുറ്റകൃത്യങ്ങളില്‍ പങ്കെടുണ്ടെന്നും ലോകം അംഗീകരിച്ചതായും ആന്‍ഡ്രി കോസ്റ്റിന്‍ പറഞ്ഞു.
യുക്രെയ്‌നില്‍ റഷ്യ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളില്‍ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്ര സഭ പ്രസ്താവനയിറക്കിയത്. അതിന് പിന്നാലെയാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്.