സൗദി ആരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് അമേരിക്ക, തിരിച്ചടിക്കും


SEPTEMBER 16, 2019, 7:03 PM IST

വാഷിങ്ടണ്‍: സൗദി ആരാംകോ ഫാക്ടറികളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിറകില്‍ ഇറാനാണെന്ന് അമേരിക്ക. യെമനിലെ ഹൂതി തീവ്രവാദികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ഉപഗ്രഹതെളിവുകള്‍ കാണിക്കുന്നത് അക്രമത്തിന് പിറകിലെ ശക്തി ഇറാനാണ് എന്നതാണ്. ലോകത്തിന്റെ എണ്ണവിതരണം അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇറാനെ ഇതിന് പ്രേരിപ്പിച്ചതെന്നും വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ കുറ്റപ്പെടുത്തി.

എന്നാല്‍ ഒരുപടി കൂടി കടന്ന ഇറാനെ അക്രമിക്കുമെന്ന സൂചന നല്‍കിയായിരുന്നു ട്രമ്പിന്റെ പ്രസ്താവന.  അക്രമികളാരെന്ന് സൗദി ഭരണകൂടം സ്ഥിരീകരിക്കാനായി തങ്ങള്‍ കാത്തിരിക്കയാണെന്നും അതറിഞ്ഞാലുടന്‍ അക്രമണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരനിറച്ച് തങ്ങള്‍ കാത്തിരിക്കയാണ് എന്നായിരുന്നു ട്രമ്പ് പറഞ്ഞത്.

ഹൂതികള്‍ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും സൗദി ഇത് അംഗീകരിച്ചിട്ടില്ല. അക്രമത്തിന് പകരം ചോദിക്കാന്‍ തങ്ങള്‍ക്ക് കെല്‍പുണ്ടെന്ന് മാത്രമാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞത്.അതേസമയം യു.എസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. തങ്ങളെ ആക്രമിക്കാനുള്ള കാരണമുണ്ടാക്കുയാണ് യു.എസെന്നും അര്‍ത്ഥമില്ലാത്ത ആരോപണങ്ങളാണിതെന്നുമാണ് ഇറാന്റെ വിശദീകരണം.

അതേസമയം യുദ്ധത്തിനാണ് അമേരിക്കയുടെ ഒരുക്കമെങ്കില്‍ അതിന് തങ്ങള്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജി സാദി പറഞ്ഞു.

Other News