സമാധാന സൂചനകളുമായി യു.എസും ഇറാനും, പ്രതീക്ഷയോടെ ലോകം


JULY 16, 2019, 5:56 PM IST

വാഷിങ്ടൺ: അമേരിക്കയുടെയും ഇറാന്റെയും നിലപാടുകളിൽ അയവ് കണ്ടുതുടങ്ങിയതോടെ പശ്ചിമേഷ്യയിൽ സമാധാനം പുന: സ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ലോകം. ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫിന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനം സന്ദർശിക്കാൻ വിസ അനുവദിച്ച് യു.എസാണ് ആദ്യം വെള്ളക്കൊടി പാറിച്ചത്. തുടർന്ന് തങ്ങൾക്കുമേൽ ചുമത്തിയിട്ടുള്ള ഉപരോധങ്ങൾ നീക്കിയാൽ യു.എസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞത് ശുഭ സൂചനയായി.

അതോടൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന നിലവിലെ വിദേശകാര്യമന്ത്രി ജെറമി ഹണ്ട് പശ്ചിമേഷ്യയിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള ഫോർമുല യൂറോപ്യൻയൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ അവതരിപ്പിച്ചു.

 ഇറാനുമേലുള്ള ഉപരോധം നീക്കുകയും ഇറാൻ ആണവപദ്ധതി നിർത്തുകയും ചെയ്യുന്ന പദ്ധതിയാണ് ജെറമി അവതരിപ്പിച്ചതെന്ന് അറിയുന്നു.

നേരത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടിയാലോചനയാകാമെന്നും  എന്നാൽ, ഭയപ്പെടുത്തി കാര്യം നേടിയെടുക്കാൻ കഴിയില്ലെന്നും റൂഹാനി പ്രതികരിച്ചിരുന്നു. ഉപരോധങ്ങൾ നീക്കുന്നതുൾപ്പടെയുള്ള യുക്തിയും വിവേകവുമുള്ള തീരുമാനം മറുഭാഗത്തുനിന്ന് ഉണ്ടാവണമെന്നും റൂഹാനിയെ ഉദ്ധരിച്ച് ഇറാന്റെ മെഹ്ർ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

2018 മേയിൽ യു.എസ്. ഏകപക്ഷീയമായി ഉടമ്പടിയിൽനിന്ന് പിന്മാറി ഇറാനുമേൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭൂമിയായത്. തുടർന്ന് കഴിഞ്ഞ മേയിൽ ഇറാൻ ഉടമ്പടിയിലെ വ്യവസ്ഥകളിൽ നിന്ന് പിന്മാറുകയും യുറേനിയം സമ്പൂഷ്ടീകരണം വർധിപ്പിക്കയും ചെയ്തു. ഇതിൽ പ്രകോപിതരായ യു.എസ് പിന്നീട് സൈനിക നടപടികൾക്ക് ഒരുങ്ങുകയും പിന്നീട് അവസാനിപ്പിക്കുയുമായിരുന്നു. അതിനിടയിൽ യു.എസിന്റെ ഡ്രോൺ ഇറാൻ വെടിവെച്ചിടുകയും ഇറാന്റെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുക്കയും ചെയ്തു.

Other News