ജിബ്രാള്‍ട്ടര്‍ കോടതി മോചിപ്പിച്ച  ഇറാന്‍ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ തുറമുഖത്തു നിന്ന് യാത്ര തുടങ്ങി


AUGUST 19, 2019, 11:47 AM IST

ജിബ്രാള്‍ട്ടര്‍:  ബ്രിട്ടന്റെ കസ്റ്റഡിയില്‍ നിന്ന്  ജിബ്രാള്‍ട്ടര്‍ കോടതി മോചിപ്പിച്ച  ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ജിബ്രാള്‍ട്ടര്‍ തുറമുഖത്തു നിന്ന് യാത്ര തുടങ്ങി.

സിറിയയിലേക്ക്  അനധികൃതമായി എണ്ണക്കടത്ത് നടത്തുന്നു എന്ന സംശയത്തെ തുടര്‍ന്ന് ജൂലൈയിലാണ് ജിബ്രാള്‍ട്ടറില്‍ ഇറാന്‍ കപ്പല്‍ തടഞ്ഞുവയ്ക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള ജീവനക്കാരെയും അറസ്റ്റു ചെയ്തിരുന്നു. ഇവരെ പിന്നീട് മോചിപ്പിച്ച് നാട്ടിലേക്ക് അയച്ചു.

ജീവനക്കാരെ മോചിപ്പിച്ചെങ്കിലും കപ്പല്‍ വിട്ടുകൊടുക്കരുതെന്ന് യുഎസ് നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാതെയാണ് കപ്പലിന് യാത്രതുടങ്ങാന്‍ ജിബ്രാള്‍ട്ടര്‍ കോടതി അനുമതി നല്‍കിയത്. ഇറാനെതിരെയുള്ള യുഎസ് ഉപരോധത്തിന്റെ പരിധിയില്‍ പെടുത്തി കപ്പല്‍ തടയണമെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ചയും യുഎസ് ആവശ്യപ്പെട്ടത്.

എന്നാല്‍ യു.എസ് ഉപരോധത്തിന്റെ പരിധി യൂറോപ്യന്‍ യൂണിയന്‍ മേഖലയില്‍ ബാധകമല്ലെന്നും അതിനാല്‍ കപ്പല്‍ വീണ്ടും കസ്റ്റഡിയിലെടുക്കാന്‍ ആകില്ലെന്നുമാണ് ജിബ്രാള്‍ട്ടര്‍ കോടതി നിലപാടെടുത്തത്.

അതേസമയം ഗ്രേസ് 1 എന്ന പഴയ പേര് മാറ്റി ഇറാന്‍ കപ്പലിന് അഡ്രിയാന്‍ ദരിയ -1 എന്ന് പുനര്‍മാനകരണം ചെയ്തു. കപ്പലിന്റെ സഞ്ചാര പഥത്തില്‍ സുരക്ഷ ഒരുക്കുമെന്നും ഇറാന്‍ അറിയിച്ചു.

Other News