ഇറാനെതിരെ അമേരിക്ക പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി; നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ധനകാര്യ വിലക്ക് 


JUNE 25, 2019, 12:07 PM IST

വാഷിങ്ടണ്‍: പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക ഇറാനെതിരെ നിലപാട് കടുപ്പിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വച്ചു. കഴിഞ്ഞ ദിവസം യുഎസ് സൈന്യത്തിന്റെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ട പശ്ചാത്തലത്തിലാണ് ഉപരോധമെന്നാണ് വിവരം.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെയും ഉന്നത ഉദ്യോഗസ്ഥരെയും യുഎസ് അധികാരപരിധിയില്‍ ധനകാര്യ ബന്ധങ്ങളില്‍നിന്നു വിലക്കുന്നതാണ് ഉപരോധം. എന്നാല്‍ ആളില്ലാ വിമാനം വെടിവെച്ചിട്ട സംഭവം ഇല്ലായിരുന്നെങ്കിലും ഉപരോധം ഏര്‍പ്പെടുത്തുമായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. അതേ സമയം പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ യുഎസ് ഇടപെടേണ്ട കാര്യമില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ഷരീഫ് തിരിച്ചടിച്ചു.

അതേസമയം, ഇറാന്‍ ഭീഷണി സംബന്ധിച്ചു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ചര്‍ച്ച നടത്തി. ഇതിനിടെ, ഒമാന്‍ ഉള്‍ക്കടലിനുമീതെയും ഇറാന്‍ വ്യോമപാതയിലും പറക്കുന്നത് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഒഴിവാക്കി. സമയനഷ്ടവും ചെലവും വര്‍ധിക്കുമെങ്കിലും യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നാണ് എയര്‍ലൈന്‍സ് അധികൃതരുടെ നിലപാട്.

Other News