ഇറാൻ,ബ്രിട്ടൻ പ്രതിസന്ധിക്ക് പരിഹാരം അനിശ്ചിതത്വത്തിൽ 


JULY 30, 2019, 2:40 AM IST

ടെഹ്‌റാൻ/ലണ്ടൻ:പിടിച്ചെടുത്ത എണ്ണ കപ്പലുകള്‍ പരസ്‌പരം  കൈമാറി ഗള്‍ഫ് സമുദ്രത്തില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാമെന്ന ഇറാന്റെ നിർദേശം ബ്രിട്ടന്‍ തള്ളി. ജിബ്രാള്‍ട്ടറില്‍ തടഞ്ഞുവച്ച ഇറാനിയൻ കപ്പല്‍ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബ്രിട്ടന്‍. ഇതോടെ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം അനിശ്ചിതത്വത്തിലായി. 

ജിബ്രാള്‍ട്ടറില്‍ തടഞ്ഞുവെച്ച തങ്ങളുടെ കപ്പല്‍ വിട്ടുകിട്ടാതെ അനുരഞ്ജനം സാധ്യമല്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ കപ്പലുകള്‍ പരസ്‌പരം വിട്ടുകൊടുത്തുള്ള പരിഹാരത്തോട് യോജിപ്പില്ലെന്ന് ബ്രിട്ടന്‍റെ പുതിയ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തീര്‍ത്തു പറഞ്ഞു. 

യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടു പോകുന്നു എന്നാരോപിച്ചാണ് ഈ മാസം നാലിന് ഇറാന്റെ എണ്ണ കപ്പല്‍ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തത്.പിന്നാലെ ബ്രിട്ടന്റെ എണ്ണക്കപ്പൽ  ഇറാൻ ഇസ്ലാമിക്‌ റെവലൂഷണറി ഗാർഡ്‌ കോർപ്‌സ്‌ നിയന്ത്രണത്തിലാക്കി.

ഏതെങ്കിലും നിലക്കുള്ള ബാര്‍ട്ടര്‍ നടപടിയോട് താല്‍പര്യമില്ലെന്നാണ് ബ്രിട്ടന്‍റെ വാദം. അന്താരാഷ്ട്ര സമുദ്ര സഞ്ചാര ചട്ടങ്ങള്‍ ഉയര്‍ത്തി പിടിക്കാന്‍ രാജ്യം ബാധ്യസ്ഥമാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. അതേസമയം,ഗള്‍ഫ് സമുദ്രത്തില്‍ എണ്ണ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കൂട്ടായ നടപടി വേണമെന്ന ബ്രിട്ടന്‍റെ ആവശ്യത്തോട് യൂറോപ്യന്‍ യൂണിയൻ തണുപ്പൻ മട്ടിലാണ് പ്രതികരിച്ചത്.

മേഖലയിലേക്ക്‌ സൈന്യത്തെ അയക്കാൻ തയ്യാറല്ലെന്നും പകരം  വിവരങ്ങൾ കൈമാറുമെന്നും നിലവിൽ വിന്യസിച്ചിരിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഫ്രാൻസ്‌ പ്രതികരിച്ചു. അമേരിക്കൻ സൈന്യം മേഖല നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മധ്യ പൗരസ്‌ത്യ ജലപാതയിൽ  സുരക്ഷ വർധിപ്പിക്കുന്നതിനായി ഓപ്പറേഷൻ സെന്റിനൽ എന്ന് പേരിട്ട ഒരു പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി.

ഇറാന്‍റെ കപ്പല്‍ പിടിച്ചെടുത്ത് ഗള്‍ഫ് പ്രതിസന്ധി സങ്കീര്‍ണമാക്കിയ നടപടിയോട് എതിര്‍പ്പുള്ള രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനിലുണ്ട്. ആണവ കരാര്‍ വിഷയത്തില്‍ അമരിക്കയുടെ പിന്‍മാറ്റമാണ് പ്രതിസന്ധിയുടെ യഥാര്‍ഥ കാരണമെന്നും ഈ രാജ്യങ്ങള്‍ പറയുന്നു.

ജര്‍മനിയും ഒമാനും മറ്റും ഇറാന്‍ നേതൃത്വവുമായി നടത്തുന്ന പ്രശ്‌നപരിഹാര ചര്‍ച്ചകളെ താല്‍പര്യപൂര്‍വമാണ് പല രാജ്യങ്ങളും നോക്കി കാണുന്നത്. അതേ സമയം ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ കപ്പലുകള്‍ക്ക് സുരക്ഷാകവചം ഒരുക്കാനുള്ള യു എസ് നീക്കത്തെ പിന്തുണക്കുന്നതിന്‍റെ ഭാഗമായി എച്ച്‌  എം എസ് ഡങ്കന്‍ എന്ന ബ്രിട്ടീഷ് യുദ്ധ കപ്പലും ഗള്‍ഫ് സമുദ്രത്തില്‍ നങ്കൂരമിട്ടു. ഇത് സംഘർഷം കൂട്ടാനേ ഉപകരിക്കൂ എന്നാണ് വിലയിരുത്തലുകൾ

Other News