ഇറാന്‍ അമേരിക്കന്‍ സംഘര്‍ഷം: വിമാനക്കമ്പനികള്‍ ഇറാന്‍ വ്യോമ പാത ഒഴിവാക്കുന്നു


JUNE 24, 2019, 2:13 PM IST

ദുബായ് : ഇറാന്‍ അമേരിക്കസംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍  ഇറാന്‍ വ്യോമപാതവഴിയുള്ള യാത്ര വിമാനകമ്പനികള്‍ ഒഴിവാക്കുന്നു. അമേരിക്കക്കും യുഎഇക്കും പുറമെ സൗദിയുടെ വിമാന കമ്പനികളും ഇറാന്‍ പാത ഒഴിവാക്കി. ഇന്ത്യയുടെ വിമാന കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇറാന്‍ വ്യോമ പാത ഒഴിവാക്കി ഏഷ്യന്‍ രാജ്യങ്ങളിലെ മറ്റു വഴികള്‍ തിരഞ്ഞെടുക്കുമെന്ന് സൗദി വിമാനകമ്പനികള്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളിലൂടെയുള്ള പാതയില്‍ സൗദിയുടെ വിമാനങ്ങളും ഇനി പറക്കില്ല. യുഎഇ വിമാന കമ്പനികളായ ഇത്തിഹാദും എമിറേറ്റ്സും സമാനമായ തീരുമാനം നേരത്തെ എടുത്തിരുന്നു.

ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ വ്യോമയാന ഡയറക്ട്രേറ്റും കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. സാഹചര്യം ശരിയില്ലാത്തതിനാല്‍ ഇറാന്റെ വ്യോമാതിര്‍ത്തി വഴിയുള്ള യാത്ര വിമാനകമ്പനികള്‍ ഒഴിവാക്കണമെന്ന് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടു. ഇതുവഴി യാത്ര ചെയ്യുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിടണമെന്നും നിര്‍ദേശമുണ്ട്.

സമാനമായ നിര്‍ദേശം അമേരിക്കന്‍ വ്യോമയാന വിഭാഗം വെള്ളിയാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇറാന്‍ അതിര്‍ത്തി ലംഘിച്ച അമേരിക്കയുടെ ചാരവിമാനം ഇറാന്‍ സൈനികര്‍ വെടിവച്ചിട്ടതോടെയാണ് ഭീതി പരന്നത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങളുടെ വിമാനത്തിന് നേരെയും ആക്രമണമുണ്ടായേക്കാമെന്ന് ആശങ്കയുണ്ട്.

അതേസമയം, ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചു. ഒമാന്‍ കടലിലും പേര്‍ഷ്യന്‍ കടലിലുമാണ് വിന്യാസം. ഇന്ത്യയുടെ കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കുകയാണ് കപ്പല്‍ വിന്യാസത്തിന്റെ ലക്ഷ്യം.

Other News