ലോകകപ്പില്‍ ദേശീയഗാനം പാടാതെ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് ഇറാന്‍ താരങ്ങള്‍


NOVEMBER 21, 2022, 5:45 PM IST

ദോഹ: ഖത്തര്‍ ലോകകപ്പ് മത്സരത്തിനിടെ ഇറാനിയന്‍ ഭരണകൂടത്തിനെതിരെ ദേശീയ ടീമിന്റെ പ്രതിഷേധം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് രാജ്യത്ത് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇറാന്‍ ദേശീയ ടീം അംഗങ്ങള്‍ നിസ്സംഗരായി മൗനം പാലിച്ചു. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ തോളില്‍ കൈയ്യിട്ട് അനങ്ങാതെ നിന്നെങ്കിലും ഇറാന്‍ താരങ്ങള്‍ ചുണ്ടനക്കുകയോ കൂടെ പാടുകയോ ചെയ്തില്ല. 

ഇറാനില്‍ തുടരുന്ന പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിക്കണോ എന്ന കാര്യത്തില്‍ ടീമംഗങ്ങളോട് കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ക്യാപ്റ്റന്‍ അലിരെസ ജഹാന്‍ബക്ഷ് പറഞ്ഞിരുന്നു. പ്രക്ഷോഭം തുടങ്ങിയ ശേഷം ലോക കായിക വേദികളില്‍ ഇറാന്‍ താരങ്ങള്‍ സമരത്തോട് ഐക്യപ്പെടുന്നത് പതിവായിട്ടുണ്ട്. കായിക മത്സരങ്ങളില്‍ പങ്കെടുക്കവെ വിജയാഹ്ലാദം പ്രകടിപ്പിക്കാതെയാണ് ഇറാന്‍ അത്ലറ്റുകളില്‍ പലരും പ്രതിഷേധിക്കുന്നത്. 

സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ ആരംഭിച്ച പ്രതിഷേധം രണ്ട് മാസങ്ങള്‍ക്ക് ശേഷവും തുടരുകയാണ്. ടെഹ്റാനില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട മഹ്സ അമിനി മൂന്ന് ദിവസം കഴിഞ്ഞ് സെപ്റ്റംബര്‍ 16നാണ് മരിച്ചത്. 22കാരിയുടെ മരണ ശേഷം നാള്‍ക്കുനാള്‍ ശക്തിയാര്‍ജ്ജിച്ച പ്രക്ഷോഭത്തില്‍ ഇതിനോടകം 400 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News