നാല് വര്‍ഷത്തിനിടെ അഞ്ചാം തെരഞ്ഞെടുപ്പിനൊരുങ്ങി ഇസ്രായേല്‍


JUNE 20, 2022, 11:55 PM IST

ജെറുസലേം: നാല് വര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങി ഇസ്രായേല്‍. ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് നിരൂപകര്‍ പറയുന്നത്. 

ബെന്നറ്റ് സ്ഥാനമൊഴിയുകയാണെങ്കില്‍ ഇടക്കാല പ്രധാനമന്ത്രിയായി യെയര്‍ ലാപിഡ് നിയമിതനാകുമെന്നാണ് വിവരം. മുന്‍ പ്രധാനമന്ത്രിയും നിലവില്‍ പ്രതിപക്ഷ നേതാവുമായ ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന സഖ്യം തകര്‍ച്ചയുടെ വക്കിലാണെന്ന് ഏതാനും ആഴ്ചകളായി ഊഹാപോഹം പ്രചരിക്കുന്നുണ്ടായിരുന്നു. അതിനൊടുവിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. 

ബെന്നറ്റിന്റെ വലതുപക്ഷ യമീന പാര്‍ട്ടിയിലെ ഒരംഗം സഖ്യത്തില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്നാണ് 120 സീറ്റുകളുള്ള നെസെറ്റില്‍ (പാര്‍ലമെന്റ്) ന്യൂനപക്ഷമായത്. സഖ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അവസാനിച്ചതോടെ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഉപപ്രധാനമന്ത്രി യെയര്‍ ലാപിഡും നെസെറ്റ് അംഗീകാരത്തിനായി അടുത്ത ആഴ്ച ബില്‍ സമര്‍പ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. 

ഇസ്രായേലിന്റെ ആത്മാക്കളെ ഉയര്‍ത്തുകയെന്ന പ്രധാന ദൗത്യത്തില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ ആഴ്ച യാമിന എം കെ നിര്‍ ഓര്‍ബാച്ച് രാജിവെച്ചത്. കുറേപേര്‍ വിമത ഭീഷണിയും മുഴക്കുന്നുണ്ട്. 

തിങ്കളാഴ്ച രാത്രിയുണ്ടായ പ്രഖ്യാപനം സര്‍ക്കാര്‍ അംഗങ്ങളെ ഞെട്ടിക്കുകയായിരുന്നു. ഈ തീരുമാനത്തെ കുറിച്ച് പ്രതിരോധ മന്ത്രിമാര്‍ക്കോ ആഭ്യന്തര മന്ത്രിമാര്‍ക്കോ അറിയില്ലായിരുന്നുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. 

നെസറ്റ് പിരിച്ചുവിടാനുള്ള ബില്‍ അടുത്തയാഴ്ച വോട്ടിനിടും. അത് പാസായാല്‍ ബെന്നറ്റ് ഇടക്കാല പ്രധാനമന്ത്രിയായി യെയര്‍ ലാപിഡിന് വഴിയൊരുക്കും. 

ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ കാലം നേതാവായിരുന്ന നെതന്യാഹുവിനെ പുറത്താക്കിയാണ് ഒരു വര്‍ഷം മുമ്പ് സഖ്യമുണ്ടായത്. നെതന്യാഹുവിന്റെ സര്‍ക്കാര്‍ രൂപീകരണം അസാധ്യമാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തില്‍ എട്ട് പാര്‍ട്ടികളാണുളളത്. 

അഴിമതി ആരോപണങ്ങളില്‍ വിചാരണ നേരിടുന്നുണ്ടെങ്കിലും സഖ്യത്തെ ഉടന്‍ താഴെയിറക്കുമെന്നാണ് നെതന്യാഹു പറയയുന്നത്. കഴിഞ്ഞയാഴ്ച ഇസ്രായേല്‍ ചാനല്‍ 12 ടി വി വോട്ടെടുപ്പ് ഫലങ്ങള്‍ പ്രകാരം ഭൂരിപക്ഷത്തിന് രണ്ട് കുറവാണെങ്കിലും പുതിയ തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ്.

Other News