ഗൾഫുമായി നയതന്ത്ര ബന്ധത്തിനു ഇസ്രായേൽ; നീക്കം യു എസ് മധ്യസ്ഥതയിലെന്നും റിപ്പോർട്ട്


NOVEMBER 7, 2019, 10:14 PM IST

ലണ്ടൻ:ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ഉണ്ടാക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്.ഗള്‍ഫ് രാജ്യങ്ങളുമായി സമാധാന കരാറും സാമ്പത്തിക മേഖലയിലെ സഹകരണവും ചര്‍ച്ചയാകുന്ന കൂടിക്കാഴ്ചയ്ക്ക് യുഎസിന്റെ നേതൃത്വത്തില്‍ ഇസ്രായേൽ ഒരുങ്ങുന്നു എന്നാണ് അന്താരാഷ്ട്ര വാര്‍ത്ത നെറ്റ്‌വർക്കായ  ‘മിഡില്‍ ഈസ്റ്റ് ഐ’ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഇസ്രായേലി ദേശീയ ചാനലായ ‘ചാനല്‍ 12’ ല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വന്നു എന്നാണ് മിഡില്‍ ഈസ്റ്റ് ഐയില്‍ പറയുന്നത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേര് ഇതു വരെ പുറത്തു വിട്ടിട്ടില്ല. അതേസമയം ഇറാനുമായി ഗള്‍ഫ് രാജ്യങ്ങള്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ അവസരം മുതലെടുക്കാനാണ് കൂടിക്കാഴ്ച എന്നാണ് വിലയിരുത്തൽ.

ഇസ്രായേൽ വിദേശകാര്യമന്ത്രി യിസ്രയില്‍ കാറ്റ്‌സിന്റെ നേതൃത്വത്തിലാണ് നിർദ്ദിഷ്‌ട കൂടിക്കാഴ്ച. യു എസിന്റെ പശ്ചിമേഷ്യന്‍ നയതന്ത്ര പ്രതിനിധിയായ ജേസണ്‍ ഗ്രീന്‍ഹാള്‍ട്ടിന് കൂടിക്കാഴ്ചയുടെ പ്രമേയം നൽകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുന്ന ഉടമ്പടി പ്രകാരം മേഖലയില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും നയതന്ത്ര സഹകരണം ഉറപ്പിക്കാനും ആണ് ധാരണയാകുക.സൈനിക നടപടികളിൽ സഖ്യം ചേരുന്നത് നിയന്ത്രിക്കാനുള്ള നടപടികളും കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.കരാര്‍ നടപ്പാകുകയാണെങ്കില്‍ ഇസ്രായേല്‍ ഈ മേഖലയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇടപെടുന്നതില്‍ നിയന്ത്രണമുണ്ടാകും.

സൗദി അറേബ്യ, യു എ ഇ, ഒമാന്‍, തുടങ്ങിയ രാജ്യങ്ങള്‍ക്ക് നിലവില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ല. മാത്രമല്ല, ഇസ്രായേൽ രാഷ്ട്രത്തെ ഇവര്‍ അംഗീകരിക്കുന്നുമില്ല.എന്നാല്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രായേലുമായി ബന്ധം ആഗ്രഹിക്കുന്നുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Other News