ഇസ്രായേല്‍ സേന ആക്രമണം തുടരുന്നു; മരിച്ചവരുടെ എണ്ണം 26 ആയി


MAY 11, 2021, 6:32 PM IST

ജറുസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ പരിസരങ്ങളില്‍ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നാലെ വ്യോമാക്രമണം. ചൊവ്വാഴ്ച രാവിലെ ഇസ്രാഈല്‍ സേന ഗസയിലെ റിമല്‍ പരിസരത്തുള്ള പാര്‍പ്പിട സമുച്ചയത്തിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രാഈല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി.

അല്‍ ജസീറ റിപ്പോര്‍ട്ട് പ്രകാരം കൊല്ലപ്പെട്ട രണ്ടുപേരും ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍മാരാണെന്നു തിരിച്ചറിഞ്ഞു. അഞ്ച് പൗരന്‍മാര്‍ക്കെങ്കിലും പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  

കഴിഞ്ഞ ദിവസം രാത്രിയില്‍ മാത്രം ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 24 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ഗസയിലെ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കില്‍ പറയുന്നു.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജറുസലേമിലും അധിനിവേശ പരിസരപ്രദേശങ്ങളിലും 700ലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സ പരിസരത്തു നിന്ന് ഇസ്രാഈല്‍ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനിയന്‍ സംഘം ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. തിങ്കളാഴ്ച രാവിലെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ ഫലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും സൗണ്ട് ബോംബുകളുമായെത്തിയായിരുന്നു സേന പ്രാര്‍ഥനയുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി എത്തിയവരെ ആക്രമിച്ചത്.

ഇസ്രാഈലിന്റെ ജറുസലേം പതാക ദിനത്തിന്റെ ഭാഗമായി പ്രദേശത്ത് വര്‍ഷാവര്‍ഷം നടത്തുന്ന റാലി ഈ വര്‍ഷവും നടത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതാണ് തിങ്കളാഴ്ച സംഘര്‍ഷം ശക്തമാകാന്‍ കാരണമായത്.

1967ല്‍ കിഴക്കന്‍ ജറുസലേം പിടിച്ചടുക്കിയതിന് ശേഷമാണ് ഇസ്രാഈല്‍ ജറുസലേം പതാക ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ഫലസ്തീനികളെ പുറത്താക്കി ജറുസലേമില്‍ ഇസ്രാഈല്‍ നടത്തിയ അധിനിവേശത്തിനെതിരെ അന്ന് മുതല്‍ തന്നെ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ഫലസ്തീന്‍ ഇസ്രാഈല്‍ സംഘര്‍ഷത്തിലെ പ്രധാന ഘടകമാണ് ഈ അധിനിവേശം.

കിഴക്കന്‍ ജറുസലേമില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇസ്രാഈല്‍ നടത്തുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഒരു മാസത്തോളമായി പ്രദേശത്ത് സംഘര്‍ഷം തുടരുന്നത്. വെസ്റ്റ് ബങ്കിലും ഗസയിലും നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി ഫലസ്തീനികളെയാണ് ഇസ്രാഈല്‍ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച മുതലാണ് മസ്ജിദുല്‍ അഖ്‌സ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇവിടെ പ്രാര്‍ഥിക്കാനായി എത്തിച്ചേര്‍ന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. പിന്നാലെ ശനിയാഴ്ച റമദാന്‍ 27 പ്രമാണിച്ച് ആയിരക്കണക്കിന് ഫലസ്തീനികള്‍ ഇവിടേക്ക് എത്തിച്ചേര്‍ന്നതോടെ അവര്‍ക്കു നേരെയും ഇസ്രായേല്‍ സേന ആക്രമണം അഴിച്ചുവിടുകയായിരുന്നു.  

ഇസ്രാഈല്‍ സേന നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Other News