ആസ്‌ത്രേലിയയിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി തടഞ്ഞ് ഇറ്റലി


MARCH 5, 2021, 9:04 AM IST

റോം: ആസ്‌ത്രേലിയയിലേക്കുള്ള ആസ്ട്രാസെനെക്ക വാക്‌സിന്‍ കയറ്റുമതി തടഞ്ഞ് ഇറ്റലി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കയറ്റുമതിയാണ് ഇറ്റലി തടഞ്ഞത്. രണ്ടര ദശലക്ഷം ഡോസുകളാണ് ആസ്‌ത്രേലിയയിലേക്ക് കയറ്റുമതി ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നത്. എന്നാല്‍ വന്‍കിട ഫാര്‍മ കമ്പനി തങ്ങളുടെ കരാര്‍ മാനിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കയറ്റുമതി നിയന്ത്രണ സംവിധാനം ഉപോയഗപ്പെടുത്തി വാക്‌സിന്‍ കയറ്റുമതി തടഞ്ഞത്. ഇറ്റലിയുടെ നിലപാടിനെ യൂറോപ്യന്‍ യൂണിയനും പിന്തുണച്ചു. 

കഴിഞ്ഞ മാസം മരിയോ ഡ്രാഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് വാക്‌സിനുകള്‍ക്ക് ക്ഷാമം നേരിടുന്നതിനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡിസംബര്‍ അവസാനത്തില്‍ ആരംഭിച്ച വാക്‌സിന്‍ പ്രചാരണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഡോസുകളുടെ കുറവ് നേരിട്ട യൂറോപ്യന്‍ യൂണിയന്‍ കോവിഡ് വാക്‌സിനുകള്‍ക്കായി കയറ്റുമതി നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. 

വാഗ്ദാനം ചെയ്തതിനേക്കാള്‍ കുറവ് ഡോസുകള്‍ നല്കിയതിനെ തുടര്‍ന്ന് ആസ്ട്രാസെനക്കയോട് യൂറോപ്യന്‍ യൂണിയന് പരിഭവമുണ്ടായിരുന്നു. ആദ്യപാദത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ട 80 ദശലക്ഷം ഡോസുകളില്‍ പകുതി നല്കാന്‍ പോലും ആസ്ട്രാസെനക്കയ്ക്ക് ബുദ്ധിമുട്ടായിരുന്നു. 

ആഗോള വിതരണ ശൃംഖലയെ ബുദ്ധിമുട്ടിലാക്കുന്ന പ്രവണതയാണ് യൂറോപ്യന്‍ യൂണിയന്റേതെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടത്. ലോകത്ത് വാക്‌സിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് യൂറോപ്യന്‍ യൂണിയന്‍.

യൂറോപ്യന്‍ യൂണിയനിലെ ജനസംഖ്യയില്‍ എട്ട് ശതമാനത്തിന് മാത്രമേ ഇതിനികം വാക്‌സിനേഷന്‍ നല്കിയിട്ടുള്ളു. ആസ്‌ത്രേലിയയാകട്ടെ വാക്‌സിനേഷന്റെ ആദ്യഘട്ടം ആരംഭിച്ചതേയുള്ളു.

Other News