കടല്‍ക്കൊലക്കേസ്: അന്താരാഷ്ട്ര കോടതിയുടെ വിധി മാനിക്കുന്നുവെന്ന് ഇറ്റലി 


JULY 3, 2020, 7:33 PM IST

റോം: കടല്‍ക്കൊലക്കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി മാനിക്കുന്നുവെന്ന് ഇറ്റലി. കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഇറ്റലി വിദേശകാര്യ മന്ത്രി ലുയിഗി ഡി മൈയോ വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട നാവികര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പം നില്‍ക്കുന്നു. കാലങ്ങള്‍ നീണ്ട വേദനയും ആശങ്കകളും ഇതോടെ അവസാനിച്ചിരിക്കുന്നു. പരസ്പര സഹകരണമെന്ന വികാരത്തിന്റെ അടിസ്ഥാനത്തില്‍ കോടതി വിധി മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമക്കും ഇറ്റലി നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു കേസ് പരിഗണിച്ച അന്താരാഷ്ട്ര കോടതിയുടെ വിധി. അതേസമയം, ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ വിചാരണ ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചില്ല. ജീവഹാനി, ശാരീരിക ഉപദ്രവം, ധാര്‍മികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇന്ത്യയും ഇറ്റലിയും ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കണം. ഇരു രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ ട്രൈബ്യൂണലിന്റെ റൂളിംഗിനായി സമീപിക്കാമെന്നും പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഉത്തരവിട്ടു.

2012ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയിലെ നാവികര്‍ നടത്തിയ വെടിവെപ്പില്‍ അജേഷ്, വാലന്റൈന്‍ എന്നിങ്ങനെ രണ്ട് മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കേരള തീരത്തുനടന്ന സംഭവത്തില്‍ ഇറ്റാലിയന്‍ സായുധ നാവികരായ മാസിമിലിയാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിരോണ്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. 2012 ഫെബ്രുവരി 19ന് അറസ്റ്റ് ചെയ്തു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ലത്തോറിനെ ഇറ്റലിയിലേക്ക് പോകാന്‍ കോടതി അനുവദിച്ചു. ഇന്ത്യയില്‍ നാലുവര്‍ഷം തടവിനുശേഷം ജിറോണ്‍ മോചിതനായി. പിന്നീട് ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണലാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കേസില്‍ അവസാന വാദം കേട്ടത്.

Other News