ന്യൂസിലാൻഡ് തിരഞ്ഞെടുപ്പ്; ജസീന്ത ആർഡന് രണ്ടാമൂഴം


OCTOBER 17, 2020, 9:07 PM IST

വെല്ലിങ്ടൺ: ന്യൂസിലന്റില്‍ ശനിയാഴ്ച പൊതു തിരഞ്ഞെടുപ്പ് നടത്തി. പ്രധാനമന്ത്രി ജസീന്താ ആര്‍ഡന് വൻ  ഭൂരിപക്ഷത്തില്‍ വിജയം. ഇത് ജസീന്തയുടെ രണ്ടാമത്തെ അവസരമാണ്. ഇത്തവണ ലേബർ പാർട്ടി ഒറ്റയ്ക്ക് ഭരണം ഉറപ്പിച്ചു.

ജസീന്ത നയിക്കുന്ന ലേബര്‍ പാര്‍ട്ടി 49 ശതമാനം വോട്ടുകള്‍ക്ക് വിജയിച്ചു. 99.8 ശതമാനം വോട്ടുകൾ എണ്ണിയത്തിലെ കണക്കുകൾ ആണ് വ്യക്തമായ ധാരണ നൽകുന്നത്. 120 പാര്‍ലമെന്റ് സീറ്റില്‍ 64 ലിലും  ലേബര്‍ പാര്‍ട്ടി സ്വന്തമാക്കി. പ്രധാന എതിരാളി നാഷണൽ പാർട്ടി 35 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്തിരുന്നത്.

നാഷണൽ പാർട്ടി നേതാവ്  ജുഡിത്ത് കോളിന്‍  ലേബർ പാർട്ടിയുടെ വിജയത്തിൽ ആശംസകളറിയിച്ചു. ജസീന്തയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ലേബര്‍ പാര്‍ട്ടി പ്രസിഡന്റ് ക്ലെയ്‌റെ സാബോ പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ജസീന്ത വിജയിച്ചുവെന്നും സാമൂഹ്യ വ്യാപനം തടയാന്‍ പരമാവധി ശ്രമിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അൻപത് ലക്ഷത്തോളം  ജനസംഖ്യയുള്ള രാജ്യത്ത് കൊവിഡ് 19 മൂലം 25 പേര്‍ മാത്രമാണ് ഇതുവരെ മരിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറില്‍ നടക്കാനിരുന്ന പൊതുതെരഞ്ഞെടുപ്പ് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടും ജസീന്തയുടെ പേര് അന്താരാഷ്ട്ര തലത്തിൽ പ്രശംസ പിടിച്ച് പറ്റിയിരുന്നു. മാതാപിതാക്കളെ സന്ദർശിച്ച്, രണ്ട് വയസ് പ്രായമുള്ള കുഞ്ഞിനെ ഏല്പിച്ചാണ് ജസീന്ത പൊതുപ്രവത്തനത്തിൽ സജീവമായത്.

കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ ലേബർ പാർട്ടിക്ക് ജനങ്ങൾ നൽകിയ ഏറ്റവും വലിയ അംഗീകാരമാണിത്  ജസീന്ത പറഞ്ഞു. ജനപിന്തുണയിൽ മതിമറക്കില്ല, എല്ലാ ന്യൂസിലാൻഡ് പൗരന്മാർക്ക് വേണ്ടിയുമായിരിക്കും അധികാരത്തിൽ തുടരുകയെന്നും അവർ  കൂട്ടിച്ചേർത്തു

Other News