പ്രപഞ്ചത്തെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ക്ക് ഊര്‍ജതന്ത്ര നൊബേല്‍ സമ്മാനം


OCTOBER 8, 2019, 6:29 PM IST

സ്റ്റോക്ക്‌ഹോം: കനേഡിയന്‍അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പീബിള്‍സ്, സ്വിസ് ശാസ്ത്രജ്ഞരായ മൈക്കല്‍ മേയര്‍, ദിദിയര്‍ ക്വീലോസ് എന്നിവര്‍ ഇത്തവണത്തെ ഊര്‍ജതന്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു.പ്രപഞ്ചഘടനാശാസ്ത്രവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്ക് ജെയിംസ് പീബിള്‍സ് സമ്മാനാര്‍ഹനായപ്പോള്‍ സൗരയൂഥത്തിന് സമാനമായ നക്ഷത്രഗ്രഹ വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിന് മൈക്കല്‍ മേയര്‍, ദിദിയര്‍ ക്വീലോസ് എന്നിവരെ സമിതി പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തു.പുരസ്‌കാര തുകയുടെ പകുതി ജെയിംസ് പീബിള്‍സും ഒരു പകുതി മറ്റുരണ്ട് ശ്‌സ്ത്രജ്ഞരും പങ്കിടും. 

ഈ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ ഇതുവരെയുണ്ടായിരുന്ന പ്രപഞ്ചധാരണകള്‍ തിരുത്തുന്നതായിരുന്നുവെന്ന് പുരസ്‌ക്കാരസമിതി സംഘടനയായ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് അഭിപ്രായപ്പെട്ടു. 

വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം യു.എസ് ഗവേഷകരായ വില്യം കെയ്‌ലിന്‍, ഗ്രെഗ് സെമേന്‍സ എന്നിവരും ബ്രിട്ടിഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫും പങ്കിട്ടിരുന്നു. ശരീരത്തിലേക്കു ലഭിക്കുന്ന ഓക്‌സിജന്റെ അളവനുസരിച്ചുള്ള കോശങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന 'മോളിക്യുലാര്‍ സ്വിച്ചി'ന്റെ കണ്ടെത്തലിനായിരുന്നു പുരസ്‌കാരം. 

രസതന്ത്രത്തിലെ നൊബേല്‍ സമ്മാനം ബുധനാഴ്ചയും. 2018ലെയും 19ലെയും സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം വ്യാഴാഴ്ചയും പ്രഖ്യാപിക്കും. 

Other News