മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്നു മാസം കൂടി നീട്ടി


AUGUST 1, 2020, 2:25 AM IST

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്നു മാസം കൂടി നീട്ടി. പൊതുസുരക്ഷ നിയമം അനുസരിച്ചാണ് പി.ഡി.പി നേതാവ് കൂടിയായ മുഫ്തിയുടെ വീട്ടുതടങ്കല്‍ ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ മൂന്ന് മാസം കൂടി നീട്ടിയതെന്ന് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പാണ് മെഹബൂബ മുഫ്തി ഉള്‍പ്പെടെ ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്. തുടര്‍ന്ന് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റുന്നുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയശേഷമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി. 

മെഹബൂബ മുഫ്തിയുടെ വീട്ടു തടങ്കല്‍ കാലാവധി ആഗ്സ്റ്റ് അഞ്ചിന് അവസാനിക്കാനിരിക്കെയാണ് മൂന്ന് മാസം കൂടി നീട്ടിയിരിക്കുന്നത്. നിലവില്‍ ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലുള്ള ഏക രാഷ്ട്രീയ നേതാവ് കൂടിയാണവര്‍. മുതിര്‍ന്ന നേതാക്കളായ ഫറൂഖ് അബ്ദുള്ള, മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള എന്നിവരെ നേരത്തെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ജമ്മു കശ്മീരിലെ രാഷ്ട്രീയ നടപടികളുടെ ഭാഗമായി ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാക്കളായ സജ്ജദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Other News