ശക്തമായ പാസ്‌പോര്‍ട്ടില്‍ ജപ്പാനും സിംഗപ്പൂരും;  മോശം പാസ്‌പോര്‍ട്ടിലാദ്യം അഫ്ഗാനിസ്ഥാന്‍


JANUARY 12, 2022, 8:06 PM IST

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുളള രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനും സിംഗപ്പൂരും വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ഹെന്‍ലി ആന്റ് പാര്‍ട്‌ണേഴ്‌സിന്റെ 199 രാജ്യങ്ങളുടെ വാര്‍ഷിക ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയിലാണ് ഇരു രാജ്യങ്ങളും ആദ്യ സ്ഥാനം പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും യാത്രാ സൗഹൃദ പാസ്‌പോര്‍ട്ടുകളാണിവ. 

മുന്‍കൂര്‍ വിസയില്ലാതെ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന ലക്ഷ്യത്തിന്റെ എണ്ണത്തിന് അനുസരിച്ചാണ് സൂചിക പാസ്‌പോര്‍ട്ടുകളെ റാങ്ക് ചെയ്യുന്നത്. വിസ നയമാറ്റങ്ങള്‍ പ്രാബല്യത്തിലെത്തുമ്പോള്‍ വര്‍ഷം മുഴുവന്‍ ഇത് അപ്‌ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. 

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കുന്ന ഡാറ്റയുടെ അടിസ്ഥാനത്തില്‍ ജപ്പാന്റേയും സിംഗപ്പൂരിന്റേയും പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 192 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവും. കോവിഡ് നിയന്ത്രണങ്ങളില്ലായിരുന്നുവെങ്കില്‍ പട്ടികയില്‍ 111-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനേക്കാള്‍ 166 രാജ്യങ്ങളിലേക്ക് കൂടുതല്‍ യാത്ര ചെയ്യാന്‍ ഈ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് സ്ാധിക്കുമെന്നാണ് ഇതിനര്‍ഥം. 

ദക്ഷിണ കൊറിയയും ജര്‍മനിയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. 190 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഫിന്‍ലാന്റ്, ഇറ്റലി, ലക്‌സംബര്‍ഗ്, സ്‌പെയിന്‍ എന്നിവയാണ് 189 ലക്ഷ്യസ്ഥാനങ്ങളുമായി മൂന്നാം സ്ഥാനത്തുള്ളത്. 

പതിവുപോലെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പട്ടികയില്‍ ആധിപത്യമുണ്ട്. ഫ്രാന്‍സ്, നെതര്‍ലാന്റ്‌സ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ഒരു സ്ഥാനം കയറി 188 ലക്ഷ്യസ്ഥാനങ്ങളുമായി നാലാ ം സ്ഥാനത്തുണ്ട്. അയര്‍ലന്റും പോര്‍ച്ചുഗലുമാണ് 187 ലക്ഷ്യസ്ഥാനങ്ങളുമായി അഞ്ചാം സ്ഥാനത്തുളളത്.

ബെല്‍ജിയം, ന്യൂസിലാന്റ്, നോര്‍വേ, സ്വിറ്റ്‌സര്‍ലാന്റ്, യു കെ, യു എസ് എന്നീ രാജ്യങ്ങള്‍ ആറാം സ്ഥാനത്തും ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്ക്, ഗ്രീസ്, മാള്‍ട്ട ഏഴാമതും പോളണ്ടും ഹംഗറിയും എട്ടാമതും ലിത്വാനിയ സ്ലൊവാക്യ എന്നിവ ഒന്‍പതാമതും എസ്‌തോണിയ, ലാത്വിയ, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ പത്താം സ്ഥാനവും പട്ടികയില്‍ നേടി.  

ഏഴ് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 83-ാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യ 90-ാം സ്ഥാനത്തായിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ 60 രാജ്യങ്ങളില്‍ പ്രവേശിക്കാനാവും. 

ജാപ്പനീസ്, സ്വീഡിഷ്, യു എസ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 180ലധികം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാവുമ്പോള്‍ അംഗോള കാമറൂണ്‍, ലാവോസ് എന്നിവിടങ്ങളില്‍ നിന്നുളള പൗരന്മാര്‍ക്ക് ഏകദേശം 50 സ്ഥലങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കാനാവുക. 

ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ക്ക് 40ല്‍ താഴെ രാജ്യങ്ങളിലേക്ക് മാത്രമാണ് വിസ ഫ്രീയോ വിസ ഓണ്‍ അറൈവലോ അനുവദിക്കുന്നത്. 26 സ്ഥലങ്ങളിലേക്ക് മാത്രം സന്ദര്‍ശനാനുമതിയുള്ള അഫ്ഗാനിസ്ഥാന് ഇതില്‍ മുന്‍പന്തിയിലുള്ളത്. 28 സ്ഥലങ്ങളിലേക്ക് മാത്രം അനുമതിയുള്ള ഇറാഖ്, 29 സ്ഥലങ്ങളിലേക്ക് സിറിയ എന്നിവ പട്ടികയില്‍ ഏറ്റവും താഴെയുള്ള മോശം പാസ്‌പോര്‍ട്ട് രാജ്യങ്ങളാണ്. പാകിസ്താന്‍, യെമന്‍, സൊമാലിയ, നേപ്പാള്‍, ഫലസ്തീന്‍, ഉത്തര കൊറിയ എന്നിവയാണ് നാല്‍പ്പതില്‍ താഴെ സ്ഥലങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങള്‍. 

Other News