ഒളിംപിക്‌സ് അടുത്ത വര്‍ഷം നടത്താന്‍ തങ്ങള്‍ തയ്യാറെന്ന് ജപ്പാന്‍


SEPTEMBER 27, 2020, 2:28 AM IST

ടോക്യോ: ഒളിംപിക്‌സ് അടുത്ത വര്‍ഷം നടത്താന്‍ തങ്ങള്‍ സന്നദധമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒളിംപിക്‌സ് കോവിഡിനെ തുടര്‍ന്നാണ് നീട്ടിവെച്ചത്. മനുഷ്യര്‍ കോവിഡിനെ അതിജീവിക്കുമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ ജപ്പാന്‍ തയ്യാറാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. എല്ലാവരെയും ഒളിംപിക്സ് വേദിയിലേക്ക് സുരക്ഷിതമായി സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനൊന്നായിരം കായിക താരങ്ങളാണ് 2020ലെ ഒളിംപിക്സ് മത്സരങ്ങളിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. നിലവില്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ജപ്പാനിലേക്ക് പ്രവേശിക്കുന്നതില്‍ കര്‍ശന നിയന്ത്രങ്ങളുണ്ട്.വാക്സിനെത്തിയില്ലെങ്കിലും ഒളിംപ്ക്സ് നടത്താമെന്ന നിലപാട് നേരത്തെ ഇന്റര്‍നാഷണല്‍ ഒളിംപിക്‌സ് കമ്മിറ്റിയും സ്വീകരിച്ചിരുന്നു. പരമാവധി കാണികളെ കുറച്ച് മത്സരം സംഘടിപ്പിക്കാനാണ് സംഘാടകര്‍ ആലോചിക്കുന്നത്. അതേസമയം പൂര്‍ണമായും കാണികളെ ഒഴിവാക്കുന്നതിനോട് ജപ്പാനു യോജിപ്പില്ല.

Other News