തരിശുകളിലും നഗരങ്ങളിലും ചെറുവനങ്ങള്‍ തീര്‍ത്ത അകിറ മിയവാക്കി വിടവാങ്ങി


AUGUST 3, 2021, 10:35 AM IST

ഹഡാനോ (ജപ്പാന്‍) തരിശു ഭൂമിയിലും ചുരുങ്ങിയ കാലം കൊണ്ടു സ്വാഭാവിക വനങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമെന്ന അദ്ഭുതകരമായ ആശയം നടപ്പാക്കി ലോകപ്രശസ്തനായ ജാപ്പനീസ് പരിസ്ഥിതി, സസ്യശാസ്ത്രജ്ഞന്‍ അകിറ മിയാവാക്കി (93) വിടവാങ്ങി. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു.

150-200 വര്‍ഷങ്ങള്‍ കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയില്‍ പരമാവധി 30 വര്‍ഷം കൊണ്ടു സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണു മിയാവാക്കി മുന്നോട്ടു വച്ചത്. 1992 ലെ ഭൗമ ഉച്ചകോടിയിലാണ് ഇത് അവതരിപ്പിച്ചത്. 1994 ലെ പാരിസ് ജൈവവൈവിധ്യ കോണ്‍ഗ്രസ് മികച്ച പരിസ്ഥിതി മാതൃകയായി ഇത് അംഗീകരിച്ചു.

 ജപ്പാനിലും മറ്റ് ഒട്ടേറെ രാജ്യങ്ങളിലുമായി നൂറു കണക്കിനു ചെറുകാടുകള്‍ സൃഷ്ടിക്കുന്നതിനു മിയാവാക്കി നേതൃത്വം നല്‍കി. 'മിയാവാക്കി കാടുകള്‍' എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.

പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള പ്രശസ്തമായ ബ്ലൂ പ്ലാനറ്റ് പ്രൈസ് ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ക്കു മിയാവാക്കി അര്‍ഹനായിട്ടുണ്ട്. പല സര്‍വകലാശാലകളിലും വിസിറ്റിങ് പ്രഫസറായിരുന്നു.

 ജാപ്പനീസ് സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ സ്റ്റഡീസ് ഇന്‍ ഇക്കോളജി ഡയറക്ടറായും പ്രവര്‍ത്തിച്ചു. ദ് ഹീലിങ് പവേഴ്‌സ് ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് ടു പ്രൊട്ടക്ട് ദ് പീപ്പിള്‍ യു ലവ്, പ്ലാന്റ് ട്രീസ് ഉള്‍പ്പെടെ വനവല്‍ക്കരണത്തിലെ ആധികാരിക ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

Other News