ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു വീണ്ടും തി​രി​ച്ച​ടി:അനുജൻ ജോ മന്ത്രി,എം പി സ്ഥാനങ്ങളൊഴിഞ്ഞു 


SEPTEMBER 6, 2019, 2:17 AM IST

ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണു വീണ്ടും തിരിച്ചടിയായി  ഇളയ സഹോദരന്‍ ജോ ജോണ്‍സണ്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു.കണ്‍സര്‍വേറ്റിവ് എം പി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്.

ഒര്‍പിങ്ടണില്‍നിന്നുള്ള പാര്‍ലമന്റെംഗമായ ജോ ബോറിസ് മന്ത്രിസഭയിലെ വാണിജ്യമന്ത്രിയായിരുന്നു. ബ്രെക്‌സിറ്റ് വിരുദ്ധന്‍ കൂടിയായ ജോ ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാവാണ്. കണ്‍സര്‍വേറ്റിവ് അംഗങ്ങളില്‍ ഏറെ ജനകീയനാണിദ്ദേഹം. കഴിഞ്ഞതവണ ഒര്‍പിങ്ടണില്‍നിന്ന് 19,453 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ബ്രെക്‌സിറ്റ് സംബന്ധിച്ച്‌ ഉടലെടുത്തിരിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത രീതിയിലേക്ക് വളര്‍ന്നതായി ജോ മാധ്യമങ്ങളോട് പറഞ്ഞു. മറ്റുള്ളവര്‍ക്കും തന്റെ പാത പിന്തുടരാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്‌തു. 

കഴിഞ്ഞ വര്‍ഷം തെരേസ മേയുടെ ബ്രെക്‌സിറ്റ് നയങ്ങളില്‍ പ്രതിഷേധിച്ചും അദ്ദേഹം രാജിവെക്കുകയുണ്ടായി. പിന്നീട് തെരേസക്കു ശേഷം ബോറിസ് പ്രധാനമന്ത്രിയായപ്പോള്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുകയായിരുന്നു.

ഒക്ടോബർ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോൺസന്‍റെ നിർദ്ദേശം പാർലമെന്‍റിൽ നേരത്തെ പരാജയപ്പെട്ടിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 434 വോട്ടുകൾ വേണ്ടിടത്ത് അദ്ദേഹത്തിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് 298 വോട്ടുകളേ നേടാനായുള്ളൂ.

കരാറില്ലാതെ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം ഒക്ടോബർ 30ന് പൂർണ്ണമായി അവസാനിപ്പിക്കണം എന്ന പ്രധാനമന്ത്രിയുടെ നയത്തിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയിലെ വിമതരും യോജിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ ഹൗസ് ഓഫ് കോമൺസിൽ തുടർച്ചയായ മൂന്നാം തിരിച്ചടിയാണ് ബോറിസ് ജോൺസൺ നേരിട്ടത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം പിയായിരുന്ന ഫിലിപ്പ് ലീ ബ്രെക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ യൂറോപ്യന്‍ അനുകൂല കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റ് ചേരിയിലേക്ക്  കൂറുമാറിയതിനു പിന്നാലെ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഭൂരിപക്ഷം നഷ്‌ടമായിരുന്നു. 

Other News