കശ്മീര്‍പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ്; വേണ്ടെന്ന് ഇന്ത്യ


JULY 23, 2019, 7:01 PM IST

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം പരിഹരിക്കാന്‍ വേണമെങ്കില്‍ ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ആരുടേയും മധ്യസ്ഥത ആവശ്യമില്ലെന്ന് ഇന്ത്യ പ്രതികരിച്ചു.

വൈറ്റ് ഹൗസില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് മധ്യസ്ഥതാ വാഗ്ദാനം നല്‍കിയത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം.

കശ്മീര്‍ പ്രശ്നം വര്‍ഷങ്ങളായി ഉള്ളതാണെന്നും ഇരുപക്ഷവും ആവശ്യപ്പെടുകയാണെങ്കില്‍ മധ്യസ്ഥതയ്ക്ക് അമേരിക്ക തയാര്‍ ആണെന്നുമാണ് ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞത്. വിഷയത്തില്‍ ഇടപെടാന്‍ ആയേക്കും എന്ന പ്രത്യാശയും ട്രംപ് പങ്കുവച്ചു.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയും കശ്മീര്‍ വിഷയത്തില്‍ സഹായം തേടിയിരുന്നു എന്നും ട്രംപ് വ്യക്തമാക്കി.എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനത്തെ ഇന്ത്യ തള്ളി. ഇക്കാര്യത്തില്‍ ഇന്ത്യ ആരുടേയും മധ്യസ്ഥത തേടിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ്‌കുമാര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി ഇത്തരമൊരാവശ്യം ആര്‍ക്കുമുന്നിലും അവതരിപ്പിച്ചിട്ടില്ലെന്നും രവീഷ് കുമാര്‍ പറഞ്ഞു.ഇന്ത്യയും പാകിസ്താനും തമ്മില്‍ കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യന്‍ നിലപാടെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.

അതേസമയം അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്താന്റെ സഹകരണം വേണം എന്ന് ട്രംപ് ഇമ്രാന്‍ഖാനോടും ആവശ്യപ്പെട്ടിട്ടുണ്ട്

Other News