കാശ്‌മീർ  യു.എസ് വിദേശകാര്യ കമ്മിറ്റി പരിഗണിക്കുന്നു; 22-ന് വാദം കേൾക്കും


OCTOBER 9, 2019, 1:23 AM IST

വാഷിംഗ്‌ടൺ:കാശ്‌മീർ ഇന്ത്യയുടെ മാത്രം ആഭ്യന്തരവിഷയമാണെന്ന നിലപാട് അന്താരാഷ്ട്ര തലത്തിൽ സംരക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെടുന്നു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ വാദംകേൾക്കാൻ യു.എസ് ജനപ്രതിനിധി സഭയുടെ വിദേശകാര്യ കമ്മിറ്റി ഒരുങ്ങുന്നു. ഒക്ടോബർ 22-ന് 'ദക്ഷിണേഷ്യയിലെ മനുഷ്യാവകാശം' സംബന്ധിച്ച് നടത്തുന്ന വാദംകേൾക്കലിലെ സുപ്രധാന അജണ്ട കാശ്‌മീർ  ആയിരിക്കുമെന്ന് യു.എസ് ഹൗസ് ഫോറിൻസ് അഫയേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

അമേരിക്കയുടെ വിദേശകാര്യനയം സംബന്ധിച്ച ബില്ലുകളിലും അന്വേഷണങ്ങളിലും ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിക്ക് നിയമാധികാരമുണ്ട്. വിദേശകാര്യ കമ്മിറ്റിയുടെ ഏഷ്യ ഉപകമ്മിറ്റി തലവനും ഡെമോക്രാറ്റ് അംഗവുമായ ബ്രാഡ് ഷെർമൻ ആണ് കാശ്‌മീർ സുപ്രധാന അന്വേഷണ വിഷയമാകുന്ന കാര്യം പ്രഖ്യാപിച്ചത്. ദക്ഷിണേഷ്യ സംബന്ധിച്ചുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നയങ്ങൾ കൈകാര്യം ചെയ്യുന് അസി. സെക്രട്ടറി ആലീസ് വെൽസും ഡെമോക്രസി ബ്യൂറോ അസി. സെക്രട്ടറി സ്‌കോട്ട് ബുസ്ബിയും ആണ് വാദംകേട്ട് കാര്യങ്ങൾ വിലയിരുത്തുക. യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും മനുഷ്യാവകാശകാശ പ്രവർത്തകരും പങ്കെടുക്കും.

വാദംകേൾക്കലിലെ പ്രധാനവിഷയം കാശ്‌മീർ ആയിരിക്കുമെന്നും അവിടെ നിലവിലുള്ള സ്ഥിതിഗതികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ബ്രാഡ് ഷെർമൻ പറഞ്ഞു. നിരവധി രാഷ്ട്രീയ പ്രവർത്തകർ അവിടെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ദൈനംദിന ജീവിതവും ടെലിഫോൺ-ഇന്റർനെറ്റ് സംവിവാധനങ്ങളും തടസ്സപ്പെട്ടിരിക്കുന്നു. ജനങ്ങൾക്കാവശ്യമായ ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും അവിടെ ലഭ്യമാണോ എന്ന കാര്യം കമ്മിറ്റി പരിശോധിക്കും.

ഓഗസ്റ്റിൽ സാൻഫ്രാൻസിസ്‌കോയിൽ താമസിക്കുന്ന കകാശ്‌മീർ  താഴ്‌വരയിൽ നിന്നുള്ള അമേരിക്കക്കാരുമായി കൂടിക്കാഴ്ച നടത്താൻ തനിക്ക് അവസരമുണ്ടായി. പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ കഴിയുന്നില്ല എന്നതടക്കം, എന്റെ മണ്ഡലത്തിലുള്ളവരും അല്ലാത്തവരും നേരിടുന്ന ബുദ്ധിമുട്ടുകളുടെ കഥകൾ കേട്ടു. അതിനുശേഷം കാശ്‌മീരി അമേരിക്കക്കാരുമായി പലതവണ കൂടിക്കാഴ്ച നടത്തി. കാശ്‌മീരിലെ മനുഷ്യാവകാശം സംബന്ധിച്ച് കൂടുതൽ പഠിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.' - ബ്രാഡ് ഷെർമൻ പറഞ്ഞു.

കാശ്‌മീരിനു പുറമെ ശ്രീലങ്കയിലെ തമിഴ് വംശജരുടെ ജീവിതവും പാകിസ്താനിലെ മനുഷ്യാവകാശ സ്ഥിതിയും അസമിലെ മുസ്ലിം ജീവിതവും വാദംകേൾക്കലിൽ വിഷയമാകും.

കേന്ദ്രസർക്കാർ നിയന്ത്രണത്തെ തുടർന്ന് കാശ്‌മീരിൽ ചികിത്സ കിട്ടാതെ ആളുകൾ മരിക്കുന്നുവെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് യു.എസ് ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി റീട്വീറ്റ് ചെയ്തിരുന്നു.