ട്രംപിനെ കോമാളിയെന്ന് വിളിച്ച് ഖംനയി 


JANUARY 17, 2020, 6:23 PM IST

ഇറാനെ സഹായിക്കുമെന്ന് ഭാവിക്കുന്ന കോമാളി മാത്രമാണ് ഡൊണാള്‍ഡ് ട്രംപെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി  ഖംനയി. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌ക്കാരത്തിന് എത്തിയവരെ അഭിസംബോധന ചെയ്യവെയാണ് ഇറാന്‍ ആത്മീയ നേതാവിന്റെ പ്രതികരണം.

യു എസിന്റെ മുഖത്തേറ്റ അടിയായിരുന്നു ഇറാന്‍ നടത്തിയ ആക്രമണം. ഇറാഖിലെ യു എസ് സേനാ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഇറാന്‍ നിശ്ചയിച്ച ദിനത്തെ 'ദൈവത്തിന്റെ ദിനം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 

ഇറാന്റെ മുതുകില്‍ 'വിഷം പുരട്ടിയ കത്തി' കുത്തിയിറക്കുകയാണ് ട്രംപ് ചെയ്തത്. എന്നാല്‍ ഖാസിം സുലൈമാനിയെ വധിച്ചതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ വിലാപം ഇറാനികള്‍ രാജ്യത്തോടൊപ്പമാണെന്ന തെളിവാണ് നല്കുന്നതെന്നും  ഖംനയി പറഞ്ഞു.

ഐ എസിനെതിരായ പോരാട്ടത്തില്‍ ശക്തമായി നിന്ന സുലൈമാനിയെ ഭീരുത്വമാര്‍ന്ന രീതിയിലാണ് യു എസ് വധിച്ചത്. ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് ഇത് അപമാനകരമാണ്.

യു എസ് ഈ മേഖല വിടണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ  ഖംനയി അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സജീവ പങ്കാളിത്തം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് യു എസിന്റെ ഏകപക്ഷീയമായ പിന്‍മാറ്റത്തിനു ശേഷവും കരാറില്‍ തുടരുന്ന മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാനാകില്ലെന്നും അവര്‍ ഇറാനെതിരെ ചെലുത്തുന്ന സമ്മര്‍ദ്ദം വിലപ്പോകില്ലെന്നും  ഖംനയി ചൂണ്ടിക്കാട്ടി. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഇറാനെ സമ്മര്‍ദ്ദത്തിലാക്കി കരാര്‍ വ്യവസ്ഥകള്‍ വളച്ചൊടിച്ച് യു എന്‍ ഉപരോധം വീണ്ടും നടപ്പാക്കാനാണ് ശ്രമിക്കുന്നത്. 

ഇസ്‌ലാമിക വിപ്ലവത്തിന്റെ മുപ്പത്തിമൂന്നാം വാര്‍ഷികത്തില്‍ 2012ലാണ് ഇതിനു മുമ്പ്  ഖംനയി വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് മുമ്പ് പ്രസംഗിച്ചത്.

Other News