അക്രമിയുടെ പൂക്കളെ പുകഴ്ത്തി പറഞ്ഞ് വശത്താക്കി; തടവിലായ സൈക്കിളിംഗ് താരം മോചനം നേടി


JULY 28, 2019, 3:38 PM IST

വിയന്ന: തട്ടിക്കൊണ്ടു പോയ ആളുടെ വീട്ടിലെ ഓര്‍ക്കിഡ് പുഷ്പങ്ങളെ പുകഴ്ത്തി പറഞ്ഞ് അക്രമിയെ വശത്താക്കി ഓസ്ട്രിയന്‍ ട്രൈഅത്‌ലെറ്റ്.പ്രൊഫഷണല്‍ സൈക്കിളിംഗ് താരം കൂടിയായ നതാലി ബിര്‍ലി (27) ആണ് തന്നെ ആക്രമിച്ച് ബോധം കെടുത്തി തടവിലാക്കിയ അക്രമിയുടെ പിടിയില്‍ നിന്ന് മോചിതയായത്.ഇക്കഴിഞ്ഞ വ്യാഴാഴ്ച നതാലി സൈക്കിളില്‍ പോകുമ്പോള്‍ സൗത്ത് ഈസ്റ്റേണ്‍ ആസ്ട്രിയയിലെ ഗ്രാസില്‍ വച്ച് ഒരു കാര്‍ ഇടിച്ചു വീഴ്ത്തി. വീഴ്ചയില്‍ കൈക്ക് പരിക്കേറ്റ നതാലിയെ കാറിലെത്തിയ ആള്‍ മരക്കഷണം ഉപയോഗിച്ച് അടിച്ച് ബോധം കെടുത്തി ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലെത്തിച്ചു.ബോധം തെളിയുമ്പോള്‍ പൂര്‍ണ്ണ നഗ്‌നയായി ഒരു കസേരയില്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു താനെന്നാണ് രക്ഷപെട്ടെത്തിയ നതാലി മാധ്യമങ്ങളോട് പറഞ്ഞത്. കത്തികാട്ടി ഭീഷണിപ്പെടുത്തി മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ച അയാള്‍ തണുത്ത വെള്ളം നിറച്ച ബാത്ത് ടബില്‍ മുക്കി ശ്വാസം മുട്ടിക്കാനും ശ്രമിച്ചുവെന്നും നതാലി പറയുന്നു. എന്നാല്‍ ഭയപ്പെടാതെ സമയോചിതമായി ഇടപെട്ട നതാലി, ഇയാളുമായി സംസാരിക്കാന്‍ തുടങ്ങി.അയാളുടെ വീടിനുള്ളില്‍ കാണപ്പെട്ട വിവിധ തരം ഓര്‍ക്കിഡ് പുഷ്പങ്ങളെ പുകഴ്ത്തിയായിരുന്നു സംസാരം. അത്രയും സമയം വെറുപ്പോടെ സംസാരിച്ചിരുന്ന അക്രമി അതോടെ  മയപ്പെട്ടു. തുടര്‍ന്ന് തന്റെ മോശം ബാല്യകാലത്തെ കുറിച്ചും പൂന്തോട്ടം സംരക്ഷിക്കുന്നതിലുള്ള തന്റെ താല്‍പര്യത്തെക്കുറിച്ചും അയാള്‍ സംസാരിച്ചു തുടങ്ങി.ഒടുവില്‍ നതാലിയെ വിട്ടയക്കാന്‍ അയാള്‍ തീരുമാനിക്കുകയായിരുന്നു. നതാലിക്കൊപ്പം അവരുടെ സൈക്കിളും അയാള്‍ വീട്ടിലെത്തിച്ചു. ജിപിഎസ് ഘടിപ്പിച്ച ഈ സൈക്കിളിലെ ജിപിഎസ് റെക്കോഡ് ഉപയോഗപ്പെടുത്തി അക്രമിയുടെ വീട് കണ്ടു പിടിച്ച പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 33 കാരനായ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയിക്കുന്നത്. ഇയാള്‍ മുമ്പും ഇത്തരത്തിലുള്ള തട്ടിക്കൊണ്ടു പോകല്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

Other News