പുടിനെ കാണാന്‍ കിം എത്തിയത് ബഹിരാകാശ കേന്ദ്രത്തില്‍


SEPTEMBER 13, 2023, 8:54 PM IST

മോസ്‌കോ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തിയത് കിഴക്കന്‍ റഷ്യയിലെ വോസ്‌റ്റോക്‌നി കോസ്‌മോഡ്രോമിലെ ബഹിരാകാശ കേന്ദ്രത്തില്‍. ചര്‍ച്ചകള്‍ അഞ്ചു മണിക്കൂറോളം നീണ്ടു. 

യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ ഉത്തര കൊറിയ റഷ്യക്ക് പൂര്‍ണ പിന്തുണ ഉറപ്പു നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേക കവചിത ട്രെയിനില്‍ റഷ്യയിലെത്തിയ കിമ്മിനെ ഹസ്തദാനം ചെയ്താണ് പുടിന്‍ സ്വീകരിച്ചത്. 

ബഹിരാകാശ കേന്ദ്രത്തിലെ സോയുസ്-2 സ്‌പേസ് റോക്കറ്റ് ലോഞ്ച് സജ്ജീകരണങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇരുവരും സമയം കണ്ടെത്തിയിരുന്നു. സന്ദര്‍ശന സമയത്ത് റഷ്യന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരോട് കിം നിരന്തരമായി റോക്കറ്റുകളെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരകൊറിയയുടെ ബഹിരാകാശ ശാസ്ത്ര, സാങ്കേതിക കമ്മിറ്റി ചെയര്‍മാന്‍ പാക് തേ സോങ്, നാവിക സേനാ മേധാവി കിം മ്യോങ് സിക്, പാര്‍ട്ടി നേതാവ് ജോ ചുന്റ്യോങ് എന്നിവരും കിമ്മിനൊപ്പമുണ്ടായിരുന്നു.

ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ റഷ്യ ഉത്തരകൊറിയയെ സഹായിക്കുമോ എന്ന ചോദ്യത്തിന് അതിനു വേണ്ടിയാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നാണ് പുടിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

റഷ്യ കിമ്മിന് ശത്രു രാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ഉപഗ്രഹങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ ഇത്തരത്തിലുള്ള ഒരു ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ ഉത്തര കൊറിയ പരാജയപ്പെട്ടിരുന്നു. 

ഉത്തരകൊറിയയുടെ കൈവശം ധാരാളമുള്ള ആയുധങ്ങള്‍ യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കു നല്‍കാന്‍ സാധ്യതയുള്ളതായി യു എസ് ആരോപിച്ചിരുന്നു.

Other News