കോവിഡ് പ്രതിരോധം: ഉത്തര കൊറിയയെ പ്രശംസിച്ച് കിം ജോങ് ഉന്‍


JULY 3, 2020, 9:01 PM IST

സിയോള്‍: കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ചതില്‍ ഉത്തര കൊറിയയെ പ്രശംസിച്ച് ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്തിന്റേത് തിളങ്ങുന്ന വിജയമെന്നായിരുന്നു കിമ്മിന്റെ വാക്കുകളെന്ന് ഉത്തര കൊറിയന്‍ മാധ്യമമായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ മീറ്റിങ്ങിലായിരുന്നു കിം രാജ്യത്തെ പ്രശംസിച്ചത്. 

വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനുപിന്നാലെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ച് ജനങ്ങളെ ഐസോലേഷനിലാക്കി ആറുമാസം പിന്നിടുമ്പോഴാണ് കിമ്മിന്റെ പ്രതികരണം. പുറമേനിന്നും കോവിഡ് കടന്നുവരുന്നത് പൂര്‍ണ്ണമായും തടയാന്‍ സാധിച്ചു. ലോകമെങ്ങും ആരോഗ്യ പ്രതിസന്ധി രൂക്ഷമായിരിക്കെ രാജ്യത്ത് സ്ഥിരമായി കോവിഡിനെതിരായ സാഹചര്യം നിലനിര്‍ത്താനായി. പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ ദീര്‍ഘവീക്ഷണവും നിര്‍ദേശങ്ങള്‍ അനുസരിച്ച ജനങ്ങളുമാണ് കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്. അയല്‍രാജ്യങ്ങളില്‍ കോവിഡ് ഭീഷണി തുടരുന്നതിനാല്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും കിം കൂട്ടിച്ചേര്‍ത്തു. 

ഉത്തര കൊറിയയില്‍നിന്ന് ഇതുവരെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയിലും അയല്‍രാജ്യങ്ങളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ അതിര്‍ത്തികള്‍ അടച്ചിട്ടും സ്‌കൂളുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയും ആളുകളെ ഐസൊലേഷനിലാക്കിയതും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഉത്തര കൊറിയ നടപ്പാക്കിയത്.

Other News