പൊതുശൗചാലയങ്ങളുടെ കുറവ് കണ്ടെത്താനും കൊറോണ വേണ്ടിവന്നു!


JULY 5, 2020, 5:35 AM IST

അതൊരു വല്ലാത്ത കണ്ടെത്തലായിരുന്നു. കോവിഡ് കാലത്ത് പലതും തിരിച്ചറിഞ്ഞതുപോലെ ഇതും മനസ്സിലായി- ആവശ്യത്തിന് പൊതുശൗചാലയങ്ങളില്ലെന്ന്! 

പൊതുശൗചാലയങ്ങള്‍ നാഗരികതയുടെ ഭാഗമാണെന്ന് പൗരാണിക റോമാക്കാര്‍ക്കറിയാമായിരുന്നു. എന്നിട്ടും ആധുനിക മനുഷ്യര്‍ക്ക് അതിപ്പോഴും ശരിക്കങ്ങ് മനസ്സിലായിട്ടില്ലെന്ന് തിരിച്ചറിയാന്‍ കൊറോണ വൈറസിന്റെ ആക്രമണം തന്നെ വേണ്ടി വന്നു. 

അത്യാവശ്യ ഘട്ടങ്ങളില്‍ 'എവിടേക്ക് പോകുമെന്ന' ആ ഒറ്റച്ചോദ്യത്തിന് മുമ്പില്‍ പതറി നില്‍ക്കുകയാണ് കാനഡയും.

പൊതുജനാരോഗ്യം കണക്കിലെടുത്ത് പാര്‍ക്കുകളിലെ ശൗചാലയങ്ങള്‍ ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സഹായത്തിനെത്താറുള്ള കോഫി ഷോപ്പുകളിലേയും റസ്റ്റോറന്റുകളിലേയും ശൗചാലയങ്ങളാകട്ടെ ഒന്നുകില്‍ അടച്ചിട്ടിരിക്കുന്നു, അല്ലെങ്കില്‍ പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. പൊതുലൈബ്രറികളുടേയും കമ്യൂണിറ്റി സെന്ററുകളുടേയും സ്ഥിതിയും ഇങ്ങനെയൊക്കെത്തന്നെ. 

പൗരാണിക റോമാക്കാര്‍ ഒഴുകുന്ന വെള്ളത്തിന് മുകളില്‍ ചാനല്‍ സ്ഥാപിച്ച് ദ്വാരങ്ങളിട്ട ബെഞ്ച് സ്ഥാപിച്ചായിരുന്നുവത്രെ പൊതുശൗചാലയം സ്ഥാപിച്ചത്. തിരക്കേറിയ സ്ഥലങ്ങളായ മാര്‍ക്കറ്റുകളിലും തിയേറ്ററുകളിലുമെല്ലാം ഇത്തരത്തില്‍ ശൗചാലയങ്ങള്‍ സ്ഥാപിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. വിക്ടോറിയന്‍ ഇംഗ്ലണ്ടിലാകട്ടെ പൊതുശൗചാലയങ്ങള്‍ക്ക് വലിയ പ്രവേശന കവാടങ്ങളും സ്ഫടിക ജനാലകളും വെണ്ണക്കല്‍ കൗണ്ടറുകളുമൊക്കെയായി കൊട്ടാരസദൃശ രൂപങ്ങളുണ്ടായിരുന്നു. മോണ്‍ട്രിയലിന് കാമിലിയന്‍സ് ഉണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യ കാലത്തെ മേയര്‍ കാമിലിയന്‍ ഹൗഡിന്റെ പേരിലാണ് ഇവയ്ക്ക് ആ പേര് ലഭിച്ചത്. 

കഴിഞ്ഞ നൂറ്റാണ്ടിലാണ് വടക്കേ അമേരിക്കയില്‍ പൊതുശൗചാലയങ്ങള്‍ കുറഞ്ഞു തുടങ്ങിയത്. ഗ്യാസ് സ്റ്റേഷനുകളിലും ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളിലും പാര്‍ക്കുകളിലുമുള്ള ശൗചാലയങ്ങളാണ് പൊതുവായുള്ളവയുടെ കുറവ് പരിഹരിച്ചത്. ലണ്ടനിലെ പൊതു ശൗചാലയങ്ങളില്‍ പകുതിയും അടച്ചിട്ടുണ്ടെന്നാണ് ഹാലിഫാക്‌സ് ജേണലിസ്റ്റ് ലെസ്ലി ലോവ് തന്റെ 2018ലെ 'നോ പ്ലേസ് ടു ഗോ: ഹൗ പബ്ലിക്ക് ടോയ്‌ലറ്റ്‌സ് ഫെയില്‍ ഔര്‍ പ്രൈവറ്റ് നീഡ്‌സ്' എന്ന പുസ്തകത്തില്‍ പറയുന്നത്. 

പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സമയത്ത് പൊതുശൗചാലയം കണ്ടെത്താനാകുന്ന ഒരു മാപ്പ് സൃഷ്ടിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ലോവും അവളെപ്പോലുള്ള ചില സാമൂഹ്യ പ്രവര്‍ത്തകരും വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. പബ്ലിക് കണ്‍വീനിയന്‍സ് എന്ന ബ്രിട്ടീഷ് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു ദി ഗ്രേറ്റ് ബ്രിട്ടീഷ് പബ്ലിക് ടോയ്ലറ്റ് മാപ്പ് സൃഷ്ടി. കൂടുതല്‍ വൃത്തിയുള്ളതും എത്തിച്ചേരാനാവുന്നതുമായ വിധത്തില്‍ പാരിസ്ഥിതിക ഉത്തരവാദിത്വം നിര്‍വഹിക്കുന്ന പൊതുശൗചാലയങ്ങള്‍ക്കുള്ള പ്രവര്‍ത്തനങ്ങളിലാണ് ഒട്ടാവയിലെ സംഘടനയായ ഗോട്ടാഗോ. 

കോവിഡ് പ്രതിസന്ധിയാണ് പൊതുശൗചാലയങ്ങളുടെ പ്രാധാന്യം വീണ്ടും സമൂഹമധ്യത്തിലേക്ക് എത്തിച്ചത്. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരേക്കാള്‍ കാല്‍നട യാത്രക്കാര്‍ക്കും സൈക്കിളുകള്‍ ഉപയോഗിക്കുന്നവര്‍ക്കുമാണ് പൊതുശൗചാലയങ്ങള്‍ കൂടുതല്‍ ആവശ്യമുള്ളത്. നഗരത്തിലെവിടേയും സഞ്ചരിക്കാനുമുള്ള ധൈര്യമാണ് പൊതുശൗചാലയങ്ങള്‍ നല്കുന്നതെന്നാണ് ലോവ് പറയുന്നത്. ജീവിക്കാനും നടക്കാനും ആരോഗ്യകരവും പ്രായത്തിന് അനുയോജ്യവുമായ നഗരരൂപകല്‍പ്പനകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ആസൂത്രകരും കമ്മിറ്റികളും പോലും പൊതുശൗചാലയങ്ങളെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ലെന്നാണ് ലോവിന്റെ കുറ്റപ്പെടുത്തല്‍. ബസ് റൂട്ടുകളേയും പാര്‍ക്കുകളേയും കളിസ്ഥലങ്ങളേയും കുറിച്ചുവരെ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമ്പോഴും പൊതുശൗചാലയങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നില്ലെന്നും അവര്‍ പരിതപിക്കുന്നു. 

പുതിയ സാങ്കേതിക വിദ്യകളുടെയും രൂപങ്ങളുടേയും സഹായത്തോടെ പൊതുശൗചാലയങ്ങള്‍ നിര്‍മിക്കുന്നതായിരിക്കും കൂടുതല്‍ പ്രായോഗികം. ശുചീകരണ ചെലവുകള്‍ ലാഭിക്കുന്ന ഓട്ടോമേറ്റഡ് പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ആയിരിക്കും കൂടുതല്‍ ഗുണകരം. സ്വയം ശുചീകരിക്കുകയും തകര്‍ക്കാന്‍ കഴിയാത്ത കണ്ണാടികളും സ്റ്റീല്‍ ടോയ്‌ലറ്റുകളുമായാല്‍ കൂടുതല്‍ ഉപകാരപ്രദമാകും. ഇതോടൊപ്പം മാളുകളിലും കോഫി ഷോപ്പുകളിലും ഉള്‍പ്പെടെ പൊതുവായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ശൗചാലയങ്ങളുള്ള സ്ഥലങ്ങള്‍ രേഖപ്പെടുത്തുക കൂടി ചെയ്യുന്നത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും.

Other News