കാബൂളിലെ അവസാന ജൂതനും ഇസ്രായേലിലേക്ക് മടങ്ങുന്നു


OCTOBER 17, 2021, 8:24 PM IST

ജെറുസലേം: കാബൂളിലെ അവസാനത്തെ ജൂതന്‍ എന്നറിയപ്പെടുന്നയാളും ഇസ്രായേലിലേക്ക്. വിശുദ്ധ നഗരിയിലേക്ക് സുഗമമായി പ്രവേശിക്കാനുള്ള വ്യവസ്ഥയുടെ ഭാഗമായി തന്റെ വിവാഹമോചിതയായ ഭാര്യയ്ക്ക് മതപരമായ വിവാഹമോചനം നല്കാന്‍ സൂം കോളില്‍ സമ്മതം നല്കിയാണ് സെബുലോന്‍ സിമന്റോവ് യാത്ര പുറപ്പെട്ടത്.  

താലിബാന്‍ അധികാരമേറ്റതിന് ശേഷം അഫ്ഗാനില്‍ നിന്നും പലായനം ചെയ്ത സെബുലോന്‍ സിമന്റോവ് ഇസ്രായേലിലേക്കുള്ള യാത്രയുടെ ഭാഗമായി തുര്‍ക്കിയിലെത്തി. ഈ ആഴ്ച അദ്ദേഹം ഇസ്രായേലിലേക്ക് പോകുമെന്നാണ് വിവരം. 

ഇസ്രായേലിലേക്ക് എത്തുമ്പോള്‍ പ്രശ്‌നമൊന്നും ഇല്ലാതിരിക്കാനാണ് മാതൃരാജ്യത്തു നിന്നും രക്ഷപ്പെട്ടതിന് ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹ മോചനം നല്കുകയും സാഹസിക യാത്രയ്ക്ക് തയ്യാറെടുക്കുകയും ചെയ്തത്. 

ജൂതമത പ്രകാരം ഭര്‍ത്താവ് ഭാര്യയ്ക്ക് സമ്മതിക്കേണ്ടതുണ്ട്. വര്‍ഷങ്ങളോളം അദ്ദേഹം വിവാഹമോചനത്തിന് വിസമ്മതിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ഇസ്രായേലില്‍ താമസിക്കുന്നതിനാല്‍ സെബുലോന്‍ സിമന്റോവിന് നിയമ നടപടി സാധ്യതകളുണ്ടാകുമെന്ന ഭയമുണ്ടായിരുന്നു. വര്‍ഷങ്ങളോളം ചെറുത്തു നിന്നതിന് ശേഷമാണ് ഓസ്‌ട്രേലിയന്‍ റബ്ബാനിക്കല്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സൂം കോളില്‍ വിവാഹ മോചനത്തിന് സമ്മതിച്ചത്. 

ഇസ്രായേലിലേക്ക് പ്രവേശിക്കാന്‍ സിമെന്റോവിന് പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം വിവാഹ മോചന രേഖയില്‍ ഒപ്പുവെക്കാന്‍ സമ്മതിച്ചത്. ഇസ്രായേലുമായി നയതന്ത്ര ബന്ധങ്ങളില്ലാത്ത ഇസ്‌ലാമിക രാജ്യമായ പാകിസ്താനിലാണ് ഏതാനും ആഴ്ചകളിലായി സിമന്റോവ് സ്വസ്ഥമായി ജീവിച്ചതെന്ന് റബ്ബി മോഷെ മാര്‍ഗരറ്റന്‍ പറഞ്ഞു. 

സിമന്റോവിനെ യു എസിലേക്ക് എത്തിക്കാന്‍ താനും സംഘവും ഏറെ പരിശ്രമിച്ചെങ്കിലും യു എസ് എന്‍ട്രി വിസ ക്രമീകരിക്കുന്നതിലെ ബുദ്ധിമുട്ടുകളെ തുര്‍ന്ന് അദ്ദേഹത്തിന്റെ അഞ്ച് സഹോദരങ്ങളും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെ നിരവധി ബന്ധുക്കളുള്ള ഇസ്രായേല്‍ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് റബ്ബി മോഷെ മാര്‍ഗരറ്റന്‍ പറഞ്ഞു. 

അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാനും തുര്‍ക്കിയിലെ സുരക്ഷിതത്വത്തിലേക്ക് സെബുലോണിനെ എത്തിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചുവെന്ന ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സെബുലോണിന്റെ ജീവന്‍ അപകടത്തിലായിരുന്നു. 

ഇസ്‌ലാമിക രാജ്യങ്ങളിലെ അലയന്‍സ് ഓഫ് റബ്ബീസ് ചെയര്‍മാന്‍ റബ്ബി മെന്ഡി ചിത്രിക് ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ സിമെന്റോവിനെ സ്വീകരിച്ചു. 

സിമെന്റോവിനെ തിങ്കളാഴ്ച ഇസ്രായേല്‍ കോണ്‍സുലേറ്റിലേക്ക് കൊണ്ടുപോകും. ഇസ്രായേലിന്റെ തിരിച്ചു വരവ് നിയമം അനുസരിച്ച് ഏതൊരു ജൂതനും ഇസ്രായേലി പൗരത്വത്തിന് അവകാശമുണ്ട്. 

ഇസ്രായേലിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ സിമെന്റോവിന്റെ പ്രവേശനം വൈകിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാബൂളിലെ ജീര്‍ണിച്ച സിനഗോഗില്‍ താമസിച്ചിരുന്ന സിമന്റോവ് ജൂതഭക്ഷണ ക്രമം പാലിക്കുകുയം ഹീബ്രു ഭാഷയില്‍ പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൂത സമീഹം ക്ഷയിച്ചപ്പോള്‍ അവസാനത്തെ ജൂതനായി സിമെന്റോവ് മാത്രമായിരുന്നു അഫ്ഗാനിസ്ഥാനില്‍ അവശേഷിച്ചത്. 

കൗതുകകരമായ കാര്യം സിമെന്റോവ് താലിബാന്‍ ഭരണത്തെ കുറിച്ച് ആശങ്കപ്പെട്ടിിരുന്നില്ലെന്നതാണ്. കാരണം ഒന്നാം താലിബാന്‍ ഭരണത്തില്‍ അദ്ദേഹം അവരുടെ കീഴില്‍ ജീവിച്ചിരുന്നു. കൂടുതല്‍ തീവ്രമായ ഐ എസ് ഗ്രൂപ്പുകളും തന്നോടൊപ്പം രക്ഷപ്പെട്ട അയല്‍ക്കാരുടെ സമ്മര്‍ദ്ദങ്ങളുമാണ് അദ്ദേഹത്തെ അഫ്ഗാന്‍ വിട്ടുപോകാന്‍ പ്രേരിപ്പിച്ചത്. 

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗുഹകളില്‍ നിന്ന് ലഭിച്ച ഹീബ്രു കയ്യെഴുത്തു പ്രതികള്‍ സൂചിപ്പിക്കുന്നത് പ്രകാരം ആയിരം വര്‍ഷങ്ങള്‍ മുമ്പ് അഭിവൃദ്ധിപ്പെട്ട ജൂതസമൂഹം ഉണ്ടായിരുന്നുവെന്നാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഏകദേശം നാല്‍പ്പതിനായിരം ജൂതന്മാരാണ് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നത്. പേര്‍ഷ്യന്‍ ജൂതന്മാരില്‍ പലരും മതപരിവര്‍ത്തനം നടത്തുകയും ബാക്കിയുള്ളവര്‍ 1948ല്‍ ഇസ്രായേലിലേക്ക് പലായനം നടത്തുകയും ചെയ്തു. 

2009ല്‍ അസോസിയേറ്റഡ് പ്രസ്സിന് നല്കിയ അഭിമുഖത്തില്‍ 1979ലെ സോവിയറ്റ് അധിനിവേശത്തിന് ശേഷം അവസാനത്തെ ജൂത കുടുംബങ്ങള്‍ രാജ്യം വിട്ടുപോയതായി സിമെന്റോവ് പറഞ്ഞിരുന്നു. 

വര്‍ഷങ്ങളോളം സിനഗോഗ് കെട്ടിടം രാജ്യത്തെ മറ്റൊരു ജൂതനായ ഐസക് ലെവിയുമായാണ് സിമെന്റോവ് പങ്കുവെച്ചത്. എന്നാല്‍ ഒന്നാം താലിബാന്‍ ഭരണകാലത്ത് ഇരുവരും ശത്രുതയിലാവുകയായിരുന്നു. സിമെന്റോവ് മോഷണവും ചാരപ്രവര്‍ത്തനവും നടത്തിയെന്ന് ഐസക് ലെവിയും വേശ്യകള്‍ക്ക് ലെവി മുറികള്‍ വാടകയ്ക്ക് കൊടുത്തെന്ന് സിമെന്റോവും പരസ്പരം ആരോപണം ഉന്നയിച്ചു. സംഘര്‍ഷത്തിലായ ഇരുവരേയും താലിബാന്‍ അറസ്റ്റ് ചെയ്യുകയും സിനഗോഗ് പിടിച്ചെടുക്കുകയുമായിരുന്നു. 

2005ലാണ് 80കാരനായ ലെവി മരിച്ചത്. അതില്‍ സന്തോഷമുണ്ടെന്നാണ് സിമന്റോവ് പ്രതികരിച്ചത്. 

വര്‍ഷങ്ങളോളം സിമന്റോവിനെ സന്ദര്‍ശിച്ച റിപ്പോര്‍ട്ടര്‍മാരില്‍ നിന്നും അഭിമുഖങ്ങള്‍ക്കായി അദ്ദേഹം വലിയ തുക ഫീസായി ഈടാക്കിയിരുന്നു. വിസ്‌കിയും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. അഫ്ഗാന്‍ ടി വി കാണുകയും കബാബ് സ്ഥാപനം നടത്തുകയും ചെയ്തിരുന്നു. 

1959ല്‍ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ ജനിച്ച സിമെന്റോവ് അഫ്ഗാനിസ്ഥാനാണ് തന്റെ രാജ്യമെന്ന് ഉറപ്പിച്ചിരുന്നു. മറ്റ് ഇസ്‌ലാമിക സംഘങ്ങളെ പോലെ താലിബാനും ഇസ്രായേലിനോട് ശത്രുത പുലര്‍ത്തുന്നുണ്ടെങ്കിലും അവരുടെ മുന്‍ ഭരണകാലത്ത് തീര്‍ത്തും ചുരുങ്ങിപ്പോയ ജൂതന്മാരെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നു.

Other News