ട്രിപ്പോളി: വടക്കെ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ മിന്നല്‍ പ്രളയം തകര്‍ത്തെറിഞ്ഞ ഡെര്‍ന നഗരത്തില്‍ മരിച്ചവര്‍ 18,000 മുതല്‍ 20,000 ത്തോളം വരെയാകുമെന്ന് മേയര്‍ അബ്ദുള്‍ മെനം അല്‍ - ഘെയ്തി. മരിച്ചവരുടെ എണ്ണത്തില്‍ വ്യക്തതയില്ലാതെ തുടരുന്നതിനിടെയാണ് മേയറുടെ പ്രസ്താവന പുറത്തുവന്നത്.
തകര്‍ന്ന ജില്ലകളുടെ കണക്ക് ചൂണ്ടിക്കാട്ടിയാണ് ഘെയ്തി ഇത്തരമൊരു കണക്കുകൂട്ടലിലെത്തിയത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഡെര്‍നയില്‍ മാത്രം 5,100 പേര്‍ മരിച്ചെന്ന് പ്രാദേശിക ഭരണകൂടം പറയുന്നു. സുഡാന്‍, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള 400ഓളം വിദേശികളും ഇതില്‍പ്പെടുന്നു.
അതേസമയം, പ്രളയത്തില്‍ കിഴക്കന്‍ ലിബിയയിലാകെ 6,000ത്തിലേറെ പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. 5,000 - 10,000 പേരെ കാണാതായി.ശരിയായ മുന്നൊരുക്കങ്ങളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും അധികൃതര്‍ നല്‍കിയിരുന്നെങ്കില്‍ ഇത്രയേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്ന് യു.എന്‍ ചൂണ്ടിക്കാട്ടി. മലിന ജലത്തിലൂടെയുള്ള പകര്‍ച്ചവ്യാധികള്‍ മേഖലയില്‍ വ്യാപിക്കാമെന്നും മുന്നറിയിപ്പുണ്ട്.
ഞായറാഴ്ച രാത്രി വീശിയടിച്ച ഡാനിയേല്‍ കൊടുങ്കാറ്റും ശക്തമായ പേമാരിയുമാണ് ഡെര്‍നയടക്കമുള്ള കിഴക്കന്‍ ലിബിയന്‍ നഗരങ്ങളെ വെള്ളത്തില്‍ മുക്കിയത്. രണ്ട് ഡാമുകള്‍ തകര്‍ന്നതോടെ തുറമുഖ നഗരമായ ഡെര്‍ന നിലംപരിശായി. ഡാമുകളുടെ തകര്‍ച്ചയാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തല്‍. ഡാമുകള്‍ തകരാനിടയായ സാഹചര്യത്തെക്കുറിച്ച് വിദഗ്ദ്ധ അന്വേഷണം നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.