ഇസ്ലാമബാദ്: നൊബേല്‍ സമ്മാനജേതാവായ മലാല യൂസഫ്സായിക്ക് വീണ്ടും വധഭീഷണി. ഒമ്പത് വര്‍ഷം മുമ്പ് മലാലയെ വധിക്കാന്‍ ശ്രമിച്ച താലിബാന് ഭീകരന് ഇസ്ഹാനുല്ല ഇസ്ഹാനാണ് വീണ്ടും വധഭീഷണിയുമായി രംഗത്തെത്തിയത്.
അടുത്ത തവണ ഉന്നം പിഴയ്ക്കില്ലെന്ന് ഉറുദു ഭാഷയിലുളള ട്വീറ്റില്‍ പറയുന്നു. വധഭീഷണിയെ തുടര്‍ന്ന് ഇയാളുടെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തു.2012ല്‍ മലാലയെ വധിക്കാന്‍ ശ്രമിച്ചതും സ്കൂളിലെ ഭീകരാക്രമണവും ഉള്‍പ്പടെയുളള കേസുകളില്‍ പ്രതിയായ ഇസ്ഹാനുല്ല 2017ല്‍ പിടിയിലായിരുന്നു. എന്നാല്‍ 2020 ജനുവരിയില്‍ ഇയാള്‍ ജയില്‍ചാടി രക്ഷപ്പെടുകയായിരുന്നു.
ഇയാള്‍ പാക്കിസ്ഥാന് ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെ സുരക്ഷിതമായി കഴിയുകയാണെന്നാണ് ആരോപണം. വധഭീഷണി ശ്രദ്ധയില്‍പ്പെട്ടെന്നും അന്വേഷണം ആരംഭിച്ചതായും പാക് പ്രധാനമന്ത്രിയുടെ ഉപദേശകന് റൗഫ് ഹസന് പറഞ്ഞു.