മുതലക്കാട്ടില്‍ കാണാതായ യുവാവിനെ  ആഴ്ചകള്‍ക്കുശേഷം  ജീവനോടെ കണ്ടെത്തി


JANUARY 14, 2020, 1:05 PM IST

സിഡ്‌നി:   മുതലകളുടെ ആവാസകേന്ദ്രമായ കാട്ടില്‍ വെച്ച് കാണാതായ യുവാവിനെ ആഴ്ചകള്‍ക്കുശേഷം ജീവനോടെ കണ്ടെത്തി. 

ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ അപകടകാരികളായ മുതലകള്‍ ഏറെയുള്ള മഴക്കാടുകളില്‍ വെച്ച് ഡിസംബര്‍ 22 ന് കാണാതായ മിലന്‍ ലെമിക് എന്ന 29 കാരനെയാണ് ജനുവരി 13 തിങ്കളാഴ്ച ജീവനോടെ കണ്ടെത്തിയത്.  മിലന്‍ സഞ്ചരിച്ച വാഹനം ചതുപ്പില്‍ താണുപോയതോടെയാണ് കാട്ടില്‍ കുരുങ്ങാനിടയായത്.

കാണാതായതിനെതുടര്‍ന്ന് ഇയാള്‍ക്കായി അധികൃതര്‍ ഏറെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആക്രമണകാരികളായ മുതലകള്‍ യുവാവിനെ ആഹാരമാക്കിക്കാണുമെന്നുപോലും ആശങ്കയുണ്ടായി.

എന്നാലും തിരച്ചില്‍ തുടരുന്നതിനിടയിലാണ് ചതുപ്പില്‍ താണുപോയ വാഹനത്തില്‍ നിന്ന് തന്നെ രക്ഷാപ്രവര്‍ത്തകര്‍ മിലനെ ജീവനോടെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

മികച്ച കായിക ശേഷി ഉണ്ടായിരുന്നതിനാല്‍ കാട്ടിലകപ്പെട്ട് ഭക്ഷണമൊന്നും കഴിക്കാതിരുന്നിട്ടും മിലന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

Other News