മസൂദ് അസര്‍ വിഷയം; ചൈനയുടെ സാങ്കേതിക തടസവാദം നീക്കണമെന്ന് രക്ഷാസമതിയില്‍ ആവശ്യം ശക്തമാകുന്നു


APRIL 12, 2019, 9:35 PM IST

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ജയ്‌ഷേ ഇ മുഹമ്മദ് ഭീകര സംഘടനയുടെ നേതാവ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം യു.എന്‍ രക്ഷാസമിതിയില്‍ 'സാങ്കേതിക' തടസവാദം ഉന്നയിച്ച് തടഞ്ഞ ചൈനയുടെ  നടപടി പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രക്ഷാസമതിയുടെ 1267 സാങ്ഷന്‍സ് കമ്മിറ്റിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൈന ഉയര്‍ത്തിയിട്ടുള്ള 'സാങ്കേതിക' തടസവാദം ഏപ്രില്‍ 23 നകം നീക്കണമെന്ന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങള്‍ സംയുക്തമായാണ് നിരോധന നീക്കം അവതരിപ്പിച്ചിരുന്നത്.

'സാങ്കേതിക' തടസവാദം നീക്കാന്‍ ചൈന തയാറാകാത്തപക്ഷം 1267 സാങ്ഷന്‍സ് കമ്മിറ്റിയെ മറികടന്ന് രക്ഷാ സമിതിയില്‍ നേരിട്ട് പ്രമേയം അവതരിപ്പിക്കുവാന്‍ ഈ രാജ്യങ്ങള്‍ തയാറെടുക്കുകയാണ്. ഇതുസംബന്ധിച്ച കരടു പ്രമേയം രക്ഷാസമിതിയിലെ 15 അംഗങ്ങള്‍ക്കും കൈമാറിക്കഴിഞ്ഞു. അമേരിക്ക നടത്തിയിട്ടുള്ള ഈ നീക്കം തെറ്റായ കീഴ് വഴക്കമാണെന്ന് ചൈന വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. 

രക്ഷാസമിതിയില്‍ പ്രമേയം നേരിട്ട് അവതരിപ്പിച്ചാല്‍ ഒരു കൊടുംഭീകരനെതിരേ നിരോധനം ഏര്‍പ്പെടുത്തുന്നത് തടയാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് ചൈനയ്ക്ക ലോകത്തിനു മുമ്പാകെ വിശദീകരിക്കേണ്ടി വരും. മുമ്പ് മൂന്നു വട്ടവും 1267 സാങ്ഷന്‍സ് കമ്മിറ്റിയില്‍ മസൂദ് അസറിനെതിരേ പ്രമേയം വന്നപ്പോള്‍ വീറ്റോ ചെയ്ത് ചൈന തടയുകയായിരുന്നു. അസര്‍ വിഷയത്തില്‍ ക്രിയാത്മക ചര്‍ച്ചയാകാമെന്ന് ഇന്ത്യയോട് ചൈന സൂചിപ്പിച്ചിട്ടുണ്ട്. രക്ഷാസമിതിയില്‍ പ്രമേയം വോട്ടിനിടുന്ന സാഹചര്യം വന്നാല്‍ യോഗത്തില്‍ നിന്ന് ചൈന വിട്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയും ഇന്ത്യയും കരുതുന്നു. 


Other News