ബ്രസീലിയ: ബ്രസീലിലെ യാനോമാമി പ്രദേശത്ത് മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. പോഷകാഹാരക്കുറവും അനധികൃത സ്വര്‍ണ്ണ ഖനനം മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളും മൂലം കുട്ടികള്‍ മരിക്കുന്നതിനെ തുടര്‍ന്നാണ് ബ്രസീല്‍ ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചത്. വെനസ്വേലയുടെ അതിര്‍ത്തിയിലുള്ള ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ് യാനോമാമി. ഇവിടുത്തെ തകര്‍ന്നിരിക്കുന്ന ആരോഗ്യസേവനം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുടെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഉത്തരവില്‍ പറയുന്നത്.
ബോള്‍സനാരോയുടെ നാല് വര്‍ഷത്തെ ഭരണത്തിനിടയില്‍ 570 യാനോമാമി കുട്ടികളാണ് ഇവിടെ മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല ബോള്‍സനാരോയുടെ ഭരണകാലത്താണ് ഇവിടെ കാര്യങ്ങള്‍ കുറെയേറെ വഷളായി എന്നും ആരോപണം ഉണ്ട്. യാനോമാമി പ്രദേശത്ത് നിന്നുള്ള അവശരായ ആളുകളുടെ ചിത്രം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ലുല ശനിയാഴ്ച യാനോമാമി ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ചിരുന്നു.
'ഒരു മാനുഷിക പ്രതിസന്ധി എന്നതിലുപരി, റൊറൈമയില്‍ താന്‍ കണ്ടത് ഒരു വംശഹത്യയാണ്. യാനോമാമി ജനതയ്ക്കെതിരെ സര്‍ക്കാര്‍ ചെയ്ത കുറ്റകൃത്യം' എന്നാണ് ലുല ട്വീറ്റില്‍ ബോള്‍സനാരോ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കുറിച്ചത്.
സ്ത്രീകളുടേയും കുട്ടികളുടേയും പ്രായമായ പുരുഷന്മാരുടേയും വളരെ ക്ഷീണിതരായ ഫോട്ടോകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.