ഇസ്രായേല്‍- പാലസ്തീന്‍ വിഷയത്തില്‍ പരിഹാരം ദ്വിരാഷ്ട്രമെന്ന് ഹെര്‍സോഗുമായുള്ള കൂടിക്കാഴ്ചയില്‍ മോഡി


DECEMBER 2, 2023, 5:50 AM IST

ദുബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേല്‍- പാലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നത്തിന് നേരത്തെയുള്ളതും സുസ്ഥിരവുമായ പരിഹാരത്തിനും ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോഡി ചര്‍ച്ചയില്‍ അറിയിച്ചു. ദുബായില്‍ നടക്കുന്ന കോപ് 28 ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. 

ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ബന്ദികളെ മോചിപ്പിച്ചതിനെ സ്വാഗതം ചെയ്തതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്സില്‍ പറഞ്ഞു. മേഖലയില്‍ നിലനില്‍ക്കുന്ന ഇസ്രായേല്‍- ഹമാസ് സംഘര്‍ഷത്തെക്കുറിച്ച് മോഡിയും ഹെര്‍സോഗും ആശയവിനിമയം നടത്തി.

ദുരിതബാധിതരായ ജനങ്ങള്‍ക്ക് തുടര്‍ച്ചയായും സുരക്ഷഇതമായും മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ആവര്‍ത്തിച്ചതായി ബാഗ്ചി പറഞ്ഞു.

ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന ജി20 വിജയത്തില്‍ പ്രസിഡന്റ് ഹെര്‍സോഗ് പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ആരംഭത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഹമാസ് നടത്തിയ കൂട്ടക്കൊലയിലും ഭീകരപ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ പ്രധാനമന്ത്രി ശക്തമായി അപലപിച്ചതായി ഹെര്‍സോഗിന്റെ വക്താവ് വ്യക്തമാക്കി. 

എല്ലാ ബന്ദികളേയും 'വേഗത്തിലും സുരക്ഷിതമായും' നാട്ടിലെത്തിക്കുന്നതിനുള്ള മാനുഷിക ശ്രമത്തില്‍ കൈകോര്‍ക്കാന്‍ എല്ലാ ലോകനേതാക്കളോടും ഹെര്‍സോഗ് ആഹ്വാനം ചെയ്തു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും മോഡി ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം ചര്‍ച്ച ചെയ്തു.

ഇന്ത്യ- യു എ ഇ സൗഹൃദം ആഴത്തിലും കൂടുതല്‍ സുസ്ഥിരമാക്കാനും ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച ചെയ്തതായി മോഡി എക്സില്‍ കുറിച്ചു.

കോപ് 28 വിജയകരമായി സംഘടിപ്പിച്ചതിന് യു എ ഇ പ്രസിഡന്റിനെ മോദി അഭിനന്ദിക്കുകയും ജനുവരിയില്‍ ഗാന്ധിനഗറില്‍ നടക്കാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.

പിന്നീട് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍, സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ അമോര്‍ മോട്ടിലി, ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, സ്വിസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റ് എന്നിവരുമായും മോഡി കൂടിക്കാഴ്ച നടത്തി.

Other News