മെസിക്ക് കനത്ത ശിക്ഷ:മൂന്ന് മാസം വിലക്കും വമ്പന്‍ പിഴയും


AUGUST 4, 2019, 12:50 AM IST

അസുന്‍സിയോണ്‍: കോപ്പ അമേരിക്ക ടൂര്‍ണമെന്റിനിടെ സംഘാടകര്‍ക്കെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ച അർജന്റൈൻ ഫുട്‍ബോൾ താരം ലയണല്‍ മെസിക്ക് അന്താരാഷ്ട്ര ഫുട്ബാളില്‍  മൂന്ന് മാസം വിലക്കും 50,000 ഡോളര്‍ (ഏകദേശം 34 ലക്ഷം രൂപ) പിഴയും ശിക്ഷ. ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് 32കാരനായ മെസിക്കെതിരെ നടപടിയെടുത്തത്. 

ശിക്ഷയ്‌ക്കെതിരെ ഏഴു ദിവസത്തിനകംമെസിക്ക് അപ്പീല്‍ നല്‍കാം.വിലക്ക് പ്രാബല്യത്തിലായാൽ മെസിക്ക് ഇനി നവംബറില്‍ മാത്രമേ അര്‍ജന്റീനയ്‌ക്കായി കളിക്കാനിറങ്ങാനാകൂ. സെപ്റ്റംബർ ആറിന് ചിലിക്കെതിരെയും പത്തിന് മെക്‌സിക്കോക്കെതിരെയും ഒക്ടോബര്‍ ഒൻപതിന് ജര്‍മ്മനിക്കെതിരെയുമുള്ള അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍ മെസിക്ക് നഷ്‌ടമാകും. 

ചിലിക്കെതിരായ കോപ്പ ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ ഒരു ലോകകപ്പ് യോഗ്യതാമത്സരത്തിലും മെസിക്ക് കളിക്കാനാകില്ല. ചിലിക്കെതിരായ മത്സരത്തിന് ശേഷം റഫറിയിംഗിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ മെസി ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷൻ അഴിമതിയുടെ കേന്ദ്രമാണെന്നും ബ്രസീലിന് കിരീടം ലഭിക്കാനുള്ള തിരക്കഥയാണ് ഒരുക്കിയതെന്നും ആരോപിച്ചിരുന്നു. 

മത്സര ശേഷം മെഡല്‍ സ്വീകരിക്കാനും മെസിയെത്തിയില്ല. പിന്നീട് തന്റെ പ്രസ്‌താവനയില്‍ ഖേദപ്രകടനം നടത്തിയെങ്കിലും മെസിക്കെതിരെ നടപടിയെടുക്കുമെന്ന് ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ കോൺഫെഡറേഷൻ  ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

Other News