അല്‍-ക്വൊയ്ദയുമായി ഇറാന് രഹസ്യബന്ധമെന്ന് യുഎസ് ;നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം


JANUARY 13, 2021, 8:50 AM IST

വാഷിംഗ്ടണ്‍: അല്‍-ക്വൊയ്ദ ശൃംഖലയുമായി ഇറാന്‍ രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇറാനിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയെന്നും മൈക്ക് പോംപിയോ ചൊവ്വാഴ്ച അറിയിച്ചു.

ട്രംപ് ഭരണകൂടം സ്ഥാനമൊഴിയുന്നതിന് വെറും ഒരാഴ്ച മാത്രമുള്ളപ്പോളാണ് പോംപിയോയുടെ അഭിപ്രായങ്ങള്‍. 2015 ലെ ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് അതിനു തടസമാകുന്ന നടപടികള്‍ പ്രഖ്യാപിച്ചത്. ഇറാന്‍ ഉള്‍പ്പെട്ട ആണവ ഇടപാടില്‍ നിന്ന് 2018ല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പിന്മാറിയത്.

നാഷണല്‍ പ്രസ് ക്ലബിന് നല്‍കിയ പ്രസംഗത്തില്‍, അല്‍-ക്വയ്ദയുമായുള്ള രഹസ്യ ബന്ധം ആരോപിച്ച് പോംപിയോ ഇറാനെ ആക്രമിച്ചു.  പുതിയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ഓഗസ്റ്റില്‍ ഇസ്രായേലി ഏജന്റുമാരാല്‍ കൊല്ലപ്പെട്ട അല്‍-ക്വൊയ്ദ നേതാവ്  അബു മുഹമ്മദ് അല്‍ മസ്രി ടെഹ്റാന്റെ അഭയാര്‍ത്ഥിയായിരുന്നുവെന്ന് പോംപിയോ പറഞ്ഞു.

ഷിയാ വിഭാഗം ഭരിക്കുന്ന ഇറാനും പ്രധാനമായും സുന്നി അല്‍-ക്വൊയ്ദയും ഇസ്ലാമിക ലോകത്തെ സ്വാഭാവിക സഖ്യകക്ഷികളല്ല. 1996 ല്‍ ബിന്‍ ലാദന് അഭയം നല്‍കിയ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഏറ്റെടുത്തതിനുശേഷം ഇരുവിഭാഗവും നല്ല ബന്ധമുണ്ടായിരുന്നു. അതേസമയം രണ്ട് വര്‍ഷത്തിന് ശേഷം വടക്കന്‍ നഗരമായ മസാര്‍-ഇ-ഷെരീഫിലെ നിരവധി നയതന്ത്രജ്ഞരെ താലിബാന്‍ കൊലപ്പെടുത്തിയെന്ന് ഇറാന്‍ ആരോപിച്ചു. ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസയുടെ വിധവയായ അല്‍ മസ്രിയുടെയും മകളുടെയും മരണം യുഎസ് ഉദ്യോഗസ്ഥര്‍ മുമ്പ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും, അവകാശവാദത്തെ പിന്തുണയ്ക്കുന്ന ആദ്യത്തെ രേഖപ്പെടുത്തിയ അഭിപ്രായങ്ങളാണ് പോംപിയോയുടെ പരാമര്‍ശങ്ങള്‍.

''കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7 ന് അല്‍ മസ്രിയുടെ  മരണം സംഭവിച്ചതായി ഇന്ന്, എനിക്ക് ആദ്യമായി ലോകത്തോട് പരസ്യമായി സ്ഥിരീകരിക്കാന്‍ കഴിയും, ,'' പോംപിയോ പറഞ്ഞു. 2001 സെപ്റ്റംബര്‍ 11 ന് മുമ്പ് അല്‍-ക്വൊയ്ദ അംഗങ്ങളെ ഇറാന്‍ ''സൂക്ഷ്മമായി നിരീക്ഷിക്കുകയും'' അമേരിക്കയില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്തുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ആണവ കരാറിനെ തുടര്‍ന്ന് അവരെ സജീവമായി പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

പോംപിയോയുടെ പരാമര്‍ശത്തിന് ശേഷം സംസാരിച്ച രണ്ട് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ ടെഹ്റാനില്‍ അല്‍ മസ്രിയുടെ താമസത്തിന് ഇറാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഷോപ്പിംഗ് ഉല്ലാസയാത്രയില്‍ സുരക്ഷാ ഗാര്‍ഡുകളെ അയച്ചുകൊണ്ടും നീന്തല്‍ക്കുളത്തിലേക്ക് പ്രവേശനം അനുവദിച്ചതായും അറിയിച്ചു.

2015 ല്‍ ഒബാമ ഭരണകാലത്ത് ഫ്രാന്‍സും ജര്‍മനും ബ്രിട്ടനും ചേര്‍ന്ന് ഇറാനുമായി ആണവകരാറില്‍ ഏര്‍പ്പെട്ട കാലത്ത് അല്‍-ക്വയ്ദയും ഇറാനും തമ്മിലുള്ള ബന്ധം വളരെയധികം മെച്ചപ്പെട്ടുവെന്ന് പോംപിയോ അവകാശപ്പെട്ടു. എന്നാല്‍ തെളിവുകളൊന്നും അദ്ദേഹം നല്‍കിയില്ല. പോംപിയോ കോണ്‍ഗ്രസ് അംഗമായിരുന്നപ്പോള്‍ മുതല്‍ ആണവ കരാറിനെ ശക്തമായി എതിര്‍ത്തിരുന്നു.

''ഇറാന്‍-അല്‍-ക്വൊയ്ദ അച്ചുതണ്ടില്‍ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരുന്നു,'' പോംപിയോ പറഞ്ഞു. ''അല്‍-ക്വൊയ്ദയുടെ പുതിയ ആസ്ഥാനം സ്ഥാപിക്കാന്‍ ഇറാന്‍ അനുവദിച്ചു, ഭരണകൂട നിയമങ്ങള്‍ പാലിച്ച് അല്‍-ക്വൊയ്ദ പ്രവര്‍ത്തകര്‍ രാജ്യത്തിനകത്ത് താമസിക്കുന്നതിനും അവസരമൊരുക്കി.

2015 മുതല്‍ ഇറാന്‍ അല്‍-ക്വയ്ദ നേതാക്കള്‍ക്ക് ഇറാനില്‍ കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അല്‍-ക്വയ്ദയ്ക്ക് സുരക്ഷിതമായ ഇടങ്ങളും ലോജിസ്റ്റിക്കല്‍ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്‍-ക്വൊയ്ദ ഇപ്പോള്‍ ടെഹ്റാനില്‍  നിന്ന് യുഎസിനും പടിഞ്ഞാറന്‍ ലക്ഷ്യങ്ങള്‍ക്കും നേരെ ആക്രമണം ആസൂത്രണം ചെയ്യുകയാണെന്നും പോംപിയോ വാദിച്ചു.

അതേസമയം പോംപിയോയുടെ  ആരോപണങ്ങളെല്ലാം ഇറാന്‍ നിഷേധിച്ചു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2015 ലെ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍ന്മാറുകയും ഉപരോധങ്ങള്‍ വീണ്ടും നടപ്പാക്കുകയും ചെയ്തതുമുതല്‍ ഇറാനെതിരായ 'തെറ്റായ തെളിവുകള്‍ ആരോപിക്കുകയും കെട്ടിച്ചമയ്ക്കുകയും ചെയ്യുന്നതിന്റെ ആവര്‍ത്തനമാണിതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സയീദ് ഖതിബ്‌സാദെ പറഞ്ഞു.

ഇറാനെതിരെ ട്രംപ് ഭരണകൂടം നടത്തിയ ''പരമാവധി സമ്മര്‍ദ്ദ പ്രചാരണത്തിന്റെ പരാജയത്തിന്റെ'' സൂചനയാണ് പോംപിയോയുടെ ആരോപണങ്ങളെ ഖതിബ്‌സാദെ പരിഹസിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അല്‍-ക്വൊയ്ദ, ഐ.എസ് ഭീകരത എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇറാന് വ്യക്തമായതും പ്രതിരോധിക്കാവുന്നതുമായ റെക്കോര്‍ഡ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Other News