ലോകം ശ്രദ്ധിക്കുന്ന ചുറുചുറുക്ക് :ആരോഗ്യ രഹസ്യം വെളിപ്പെടുത്തി മിഷേല്‍ ഒബാമ


JULY 29, 2019, 2:09 AM IST

വാഷിംഗ്‌ടൺ:വയസ് 55 ആയെങ്കിലും ചെറുപ്പക്കാരെ വെല്ലുന്ന പ്രസരിപ്പും കർമ്മോത്സുകതയുമാണ് മുൻ അമേരിക്കൻ പ്രഥമ വനിത മിഷേൽ ഒബാമയുടേത്.ആഗോള പൊതുജനാഭിപ്രായ ഡേറ്റ കമ്പനിയായ യു–ഗവ് നടത്തിയ സർവേയിൽ ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന വനിതയായി ബരാക് ഒബാമയുടെ പത്നി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നിലെ കരുത്തും മറ്റൊന്നല്ല. ഓജസോടെ കുടുംബം നോക്കാനും സാമൂഹ്യരംഗത്ത് കൃത്യമായ ഇടപെടലുകള്‍ നടത്താനും ഒരേസമയം എങ്ങനെ കഴിയുന്നു ?

ആ രഹസ്യം മിഷേലിന്റെ ആരോഗ്യത്തിന്റെ കൂടി രഹസ്യമാണ്.അടുത്തിടെ മിഷേല്‍ ഇക്കാര്യം പങ്കുവയ്ക്കുകയുണ്ടായി.കുടുംബത്തോടൊപ്പം എപ്പോഴും സന്തോഷത്തോടെ ഇരിക്കുക മാത്രമല്ല, കൃത്യമായ ദിനചര്യ-ഡയറ്റും വ്യായാമവും പിന്‍തുടരുന്നതാണ് തന്‍റെ ആരോഗ്യത്തിന്‍റെയും ഇപ്പോഴും നിലനിൽക്കുന്ന യുവത്വത്തിന്‍റെയും രഹസ്യമെന്നു മിഷേല്‍ പറയുന്നു. 

'ദിവസവും പുലര്‍ച്ചെ 4.30നും അഞ്ചിനും ഇടയ്ക്ക് ഉറക്കമുണരും. എഴുന്നേറ്റയുടന്‍ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കും. പിന്നെ ഓട്ടം, സ്‌കിപ്പിംഗ് തുടങ്ങിയ എന്തെങ്കിലും വാംഅപ്പ് എക്സര്‍സൈസുകള്‍.ഭക്ഷണം സ്വയം പാകം ചെയ്‌തുകഴിക്കുന്നതാണ് പഥ്യം'.

ഓട്ട്സ്,ഫ്രൂട്ട് സലാഡ്, കൊഴുപ്പ് നീക്കിയ പാല്‍ എന്നിവയാണ് മിഷേലിന്‍റെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് പച്ചക്കറികളും കൊഴുപ്പ് നീക്കം ചെയ്‌ത ഇറച്ചിയും കഴിക്കും. അത്താഴത്തിന് ചിക്കന്‍, സ്ക്രാംബിള്‍ഡ് എഗ്, ഫിഷ് ഫ്രൈഡ് റൈസ്, ഫ്രഷ് മുന്തിരി എന്നിവ. ചായ, കാപ്പി, അരി, ഗോതമ്പ് പലഹാരങ്ങൾ എന്നിവ വല്ലപ്പോഴും മാത്രം. ഒരു ദിവസം മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കുമെന്നും മിഷേല്‍ പറയുന്നു. 

Other News