ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുന്‍സിക്ക മിസ് യൂണിവേഴ്‌സ്


DECEMBER 9, 2019, 12:24 PM IST

മിസ് യൂണിവേഴ്‌സ് 2019 കിരീടം മിസ്ദക്ഷിണാഫ്രിക്കയായ സോസിബിനി ടുന്‍സി സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയായ സോസിബിനി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നാം പഠിപ്പിച്ചുകൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്? എന്നതായിരുന്നു മത്സരത്തില്‍ ടുന്‍സി നേരിട്ട ചോദ്യവും. നേതൃപാടവമാണ് യുവതലമുറയിലെ പെണ്‍കുട്ടികള്‍ സ്വായത്തമാക്കേണ്ടതെന്നും ലോകത്തിലെ കരുത്തര്‍ സ്ത്രീകളാണെന്നും ആ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ അവര്‍ തയ്യാറാകണമെന്നും ടുന്‍സി പറഞ്ഞു. നിഷേധിക്കപ്പെട്ടതുകൊണ്ടാണ് സ്ത്രീകള്‍ ഒതുങ്ങിപ്പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ടൂന്‍സിയുടെ ഈ മറുപടിയോടെ മിസ്.യൂണിവേഴ്‌സ് കിരീടം അവര്‍ക്ക് സ്വന്തമായി.

സ്ത്രീയെന്നതിന്റെ പേരില്‍ നേരിടുന്ന വിവേചനത്തെയും അടിച്ചമര്‍ത്തലുകളെയും അതിക്രമങ്ങളെയും തടയുന്നതിന് വേണ്ടി നിരവധി സോഷ്യല്‍ മീഡിയാ കാമ്പെയിനുകള്‍ സോസിബിനി നടത്തിയിട്ടുണ്ട്. തന്റെ ബാഹ്യരൂപം എങ്ങനെയാണോ അതിനെ അപ്രകാരം തന്നെ ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും പഠിക്കണമെന്നും ടുന്‍സ് പറഞ്ഞു.

മത്സരത്തില്‍ മിസ് യൂണിവേഴ്‌സ് പ്യൂര്‍ട്ടോറിക്കോ, മിസ് യൂണിവേഴ്‌സ് മെക്‌സികോ എന്നിവര്‍ യഥാക്രമം ഫസ്റ്റ് റണ്ണറപ്പും സെക്കന്‍ഡ് റണ്ണറപ്പുമായി. ആദ്യപത്തില്‍ ഇടം നേടാന്‍ ഇന്ത്യന്‍ സുന്ദരി വര്‍തിക സിങ്ങിന് കഴിഞ്ഞില്ല. ഞായറാഴ്ച അറ്റ്‌ലാന്റയില്‍ നടന്ന മത്സരത്തില്‍ സ്വിംസ്യൂട്ട്, ഈവനിങ് ഗൗണ്‍, ചോദ്യോത്തരം എന്നീ റൗണ്ടുകളിലൂടെയാണ് തൊണ്ണൂറോളം മത്സരാര്‍ഥികളില്‍ നിന്ന് മിസ് യൂണിവേഴ്‌സിനെ ജഡ്ജസ് കണ്ടെത്തിയത്. 

സോസിബിനിയെ അഭിനന്ദിച്ചുകൊണ്ട്  ഓപ്ര വിന്‍ഫ്രിയും രംഗത്തെത്തി.ചോദ്യോത്തര റൗണ്ടില്‍ സോസിബിനി നല്‍കിയ ഉത്തരത്തെ ഓപ്ര അഭിനന്ദിക്കുകയും ചെയ്തു.

Other News