കീവ്: ബഖ്മുത്തിനായുള്ള പോരാട്ടത്തില്‍ തന്റെ സൈന്യത്തിന് ഇരുപതിനായിരത്തിലധികം പേരെ നഷ്ടമായതായി റഷ്യന്‍ സ്വകാര്യ സൈനിക കമ്പനിയായ വാഗ്‌നര്‍. കിഴക്കന്‍ യുക്രെയ്‌നിയന്‍ നഗരത്തില്‍ മരിച്ചവരില്‍ പകുതിയോളം പേരും 15 മാസമായി നീളുന്ന യുദ്ധത്തില്‍ പോരാടാന്‍ റിക്രൂട്ട് ചെയ്യപ്പെട്ട റഷ്യന്‍ കുറ്റവാളികളാണെന്നും വാഗ്‌നര്‍ വ്യക്തമാക്കുന്നു.
ജനുവരി വരെ യുദ്ധത്തില്‍ ആറായിരം സൈനികര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു മോസ്‌കോ അവകാശപ്പെട്ടത്. എന്നാല്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ കണക്ക്.
1979-89 കാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാനുമായുള്ള യുദ്ധത്തില്‍ സോവിയറ്റ് യൂണിയന് 15,000 സൈനികരെയാണ് നഷ്ടമായതെന്നാണ് ഔദ്യോഗിക കണക്ക്. 2022 ഫെബ്രുവരിയില്‍ റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് ശേഷം എത്ര സൈനികര്‍ മരിച്ചുവെന്ന് യുക്രെയ്ന്‍ വിശദമാക്കിയിട്ടില്ല.
ബഖ്മുത്തിനായുള്ള ഒമ്പത് മാസത്തെ പോരാട്ടം മാത്രം പതിനായിരക്കണക്കിന് സൈനികരുടെ ജീവനാണ് നഷ്ടപ്പെടുത്തിയതെന്നാണ് വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നത്. അവരില്‍ പലരും യുദ്ധമുഖത്തേക്ക് അയക്കപ്പെടുന്നതിന് മുമ്പ് ചെറിയ പരിശീലനം ലഭിച്ച കുറ്റവാളികളാണ്. പാശ്ചാത്യ സഖ്യകക്ഷികളുടെ ആയുധ വിതരണവും പരിശീലനവും ഉപയോഗിച്ച് കീവ് സൈന്യം ശക്തമായിത്തീര്‍ന്നതിനാല്‍ യുക്രെയ്്‌നെ 'സൈനികവല്‍ക്കരിക്കുക' എന്ന റഷ്യയുടെ അധിനിവേശ ലക്ഷ്യം തിരിച്ചടിച്ചുവെന്ന് വാഗ്‌നര്‍ ചീഫ് യെവ്‌ജെനി പ്രിഗോജിന്‍ ക്രെംലിന്‍ അനുകൂല രാഷ്ട്രീയ തന്ത്രജ്ഞനായ കോണ്‍സ്റ്റാന്റിന്‍ ഡോള്‍ഗോവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുദ്ധസമയത്ത് ക്രെംലിന്‍ സൈന്യം സാധാരണക്കാരെ കൊന്നൊടുക്കിയിട്ടുണ്ടെന്നും മോസ്‌കോ ആവര്‍ത്തിച്ച് ശക്തമായി നിഷേധിച്ചിട്ടുണ്ടെന്നും പ്രിഗോജിന്‍ പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ദീര്‍ഘകാല ബന്ധമുള്ള ധനികനായ വ്യവസായി പ്രിഗോജിന്‍ വീമ്പിളക്കല്‍ വിദഗ്ധനായാണ് അറിയപ്പെടുന്നത്. അതാകട്ടെ പലപ്പോഴും അശ്ലീലവും മസാലയും നിറഞ്ഞതുമായിരിക്കും. കൂടാതെ മുമ്പ് സ്ഥിരീകരിക്കാനാവാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുമുണ്ട്. അവയില്‍ ചിലതില്‍ നിന്നും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്തു.
ഈ മാസം ആദ്യം അദ്ദേഹത്തിന്റെ വക്താക്കള്‍ യൂണിഫോം ധരിച്ച മുപ്പതോളം മൃതദേഹങ്ങള്‍ നിലത്ത് കിടക്കുന്നത് ചൂണ്ടിക്കാട്ടി അതിനുനേരെ ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ പുറത്തുവിട്ടു. അവര്‍ ഒറ്റ ദിവസം കൊണ്ട് മരിച്ച വാഗ്‌നര്‍ പോരാളികളാണെന്ന് പറഞ്ഞു. റഷ്യന്‍ പ്രതിരോധ മന്ത്രാലയം തന്റെ സൈനികരെ പട്ടിണിയിലാക്കിയെന്നും ബഖ്മുത്തിനായുള്ള പോരാട്ടം ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാശ്ചാത്യ പിന്തുണയില്‍ വരും ആഴ്ചകളില്‍ കീവ് പ്രത്യാക്രമണം നടത്തി റഷ്യന്‍ സൈന്യത്തെ തെക്ക്, കിഴക്കന്‍ യുക്രെയ്‌നില്‍ നിന്നും ക്രിമിയയില്‍ നിന്നും പുറന്തള്ളാന്‍ സാധ്യതയുണ്ടെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
യുക്രെയ്‌നികള്‍ക്ക് മിസൈലുകള്‍ നല്‍കുകയും അവര്‍ സൈന്യത്തെ തയ്യാറാക്കി ആക്രമണം തുടരുമെന്നും പ്രത്യാക്രമണത്തിന് ശ്രമിക്കുമെന്നും പറഞ്ഞ അദ്ദേഹം അവര്‍ ക്രിമിയയെ ആക്രമിക്കുമെന്നും ക്രിമിയന്‍ പാലം തകര്‍ത്ത് റഷ്യയിലേക്കുള്ള വിതരണ ലൈനുകള്‍ തകരാറിലാക്കുമെന്നും അതുകൊണ്ട് നാം കഠിനമായ യുദ്ധത്തിന് തയ്യാറെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരലക്ഷം ഫോളോവേഴ്സ് മാത്രമുള്ള ഒരു ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത പ്രിഗോഷിന്റെ അഭിമുഖം റഷ്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍, ക്രെംലിന്‍ അനുകൂല മാധ്യമങ്ങള്‍ ഉപയോഗിച്ചില്ല. പല റഷ്യക്കാര്‍ക്കും യുദ്ധത്തെക്കുറിച്ചുള്ള പ്രധാന സ്രോതസ്സുകളായ ടെലിഗ്രാം പേജുകള്‍ സൈനിക ബ്ലോഗര്‍മാര്‍ക്കിടയില്‍ ഒരു പരാമര്‍ശവും ലഭിച്ചതായി കാണുന്നില്ല.
തകര്‍ന്ന നഗരം പൂര്‍ണ്ണമായും പിടിച്ചെടുത്തതായി റഷ്യ പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷം ബഖ്മുട്ടിനുള്ളില്‍ കനത്ത പോരാട്ടം തുടരുകയാണെന്നാണ് യുക്രേയ്‌നിയന്‍ ജനറല്‍ സ്റ്റാഫ് പറഞ്ഞത്.
ഡൊണെറ്റ്‌സ്‌ക് പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ബഖ്മുട്ട് റഷ്യ നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ക്കുകയും ഭാഗികമായി മാത്രം നിയന്ത്രിക്കുകയും ചെയ്ത നാല് പ്രവിശ്യകളില്‍ ഒന്നാണ്.
കീവ് സൈന്യം ബഖ്മുട്ടില്‍ പ്രതിരോധ പ്രവര്‍ത്തനം തുടരുകയാണെന്നും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ അവ്യക്തമായ വിജയങ്ങള്‍ നേടിയിട്ടുണ്ടെന്നുമാണ് യുക്രെയ്നിന്റെ കരസേനാ മേധാവി ഒലെക്സാണ്ടര്‍ സിര്‍സ്‌കി പറഞ്ഞത്.
റഷ്യക്കാരെ എല്ലാ അധിനിവേശ പ്രദേശങ്ങളില്‍ നിന്നും പുറത്താക്കാന്‍ യുക്രെയ്‌നിയക്കാര്‍ക്ക് പദ്ധതിയുണ്ടെന്ന് ബഖ്മുട്ടിലെ ഒരു യുക്രെയ്‌നിയന്‍ കമാന്‍ഡറെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.