ആരാധകർ ഏറ്റവുമധികം ബില്‍ ഗേറ്റ്സിനും മിഷേല്‍  ഒബാമയ്ക്കും, ഇന്ത്യക്കാരിൽ മുമ്പൻ  മോദി  


JULY 20, 2019, 12:16 AM IST

ലണ്ടൻ:ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള പുരുഷൻ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സെന്ന് സർവ്വേ.സ്ത്രീകളിൽ ഈ ബഹുമതി മുൻ അമേരിക്കൻ പ്രഥമ വനിത മിഷേൽ ഒബാമയ്ക്കാണ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും  ലണ്ടന്‍ കേന്ദ്രമാക്കിയ   ഇന്റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് ഡേറ്റ അനലറ്റിക്‌സ് വിഭാഗത്തിന്റെ സര്‍വ്വേ ഫലങ്ങൾ പറയുന്നു.

മിഷേലിനൊപ്പം ഭർത്താവ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഈ വരേണ്യ പട്ടികയിൽ ഉയർന്ന സ്ഥാനത്തുണ്ട്.പുരുഷവിഭാഗത്തിൽ ബിൽ ഗേറ്റ്സിനു പിന്നിൽ രണ്ടാമതാണ് ആരാധകപ്രീതിയിൽ അദ്ദേഹം.

ചൈനീസ് നടന്‍ ജാക്കി ചാന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.  

ഹോളിവുഡ് നടിയും സാമൂഹ്യ പ്രവർത്തകയുമായ ആഞ്ജലീന ജോളിയെ മറികടന്നാണ് മിഷേല്‍ ഒബാമ ലോകത്തില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന സ്ത്രീയായത്.ലോകമെമ്പാടുമായി നടത്തുന്ന വിവിധ തല സാമൂഹ്യസേവനങ്ങളാണ് മിഷേലിനെ ജനങ്ങൾക്ക് പ്രിയങ്കരിയാക്കിയത്.കഴിഞ്ഞതവണ ഒന്നാമതായിരുന്ന ആഞ്ജലീന ജോളി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ അമേരിക്കൻ ടോക് ഷോ അവതാരക  ഒപ്ര വിന്‍ഫ്രിയാണ് രണ്ടാമത്.

ഏറ്റവുമധികം ആരാധകരുള്ള പുരുഷന്മാരുടെ മൊത്തം പട്ടികയിൽ ആലിബാബ ഗ്രൂപ്പ് സഹസ്ഥാപകൻ ജാക്ക് മായ്ക്കു പിന്നിലായി ആറാമതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഫുട്‍ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,മെസി എന്നിവരും ആദ്യപത്തിൽ ഇടം പിടിച്ചു.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, രത്തന്‍ ടാറ്റ, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിരാട് കോലി എന്നിവരാണ് പട്ടികയിലുള്‍പ്പെട്ട മറ്റ് ഇന്ത്യക്കാര്‍. 

ഓണ്‍ലൈന്‍ വഴിയാണ് സര്‍വ്വേ നടത്തിയത്. 41 രാജ്യങ്ങളില്‍ നിന്ന് നാമനിര്‍ദ്ദേശങ്ങൾ പരിഗണിച്ചു.ഇവയില്‍ നിന്നും 20 പുരുഷന്മാരുടെയും 20 സ്ത്രീകളുടെയും 10 പ്രാദേശിക പ്രമുഖരുടെയും പേരുകള്‍ അടങ്ങിയ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു. 

Other News