മാലദ്വീപിലെ സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന് മുയിസു; ചര്‍ച്ച തുടരുന്നെന്ന് ഇന്ത്യ


DECEMBER 3, 2023, 10:57 PM IST

മാലെ: മാലദ്വീപിലെ സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചതായി പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രഖ്യാപിച്ചു. ഇന്ത്യയുമായി നടത്തിയ ചര്‍ച്ചയില്‍ സൈനികരെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചുവെന്നും വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചുവെന്നും മുയിസു മാലെയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

എന്നാല്‍ ഇരുവിഭാഗവും ചര്‍ച്ച തുടരുകയാണെന്നാണ് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. ഇന്ത്യന്‍ മഹാസമുദ്ര ദ്വീപസമൂഹത്തിലെ വിദേശ സൈനിക സാന്നിധ്യം ഇല്ലാതാക്കുകയാണ് തന്റെ പ്രാഥമിക ഉത്തരവാദിത്വമെന്ന് മുയിസു അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ചിരുന്നു. 

ദുബായില്‍ നടന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്റും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സൈന്യത്തെ പിന്‍വലിക്കുന്ന വിഷയം ഹ്രസ്വമായി ചര്‍ച്ച ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുയിസുവിന്റെ പ്രഖ്യാപനം. 

ഇന്ത്യന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളുടെ പ്രയോജനം മാലിദ്വീപ് വിഭാഗം അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 

അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട മുയിസു രാജ്യത്ത് നിന്ന് സൈനിക സാന്നിധ്യം പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കുന്നതിന് ഏതെങ്കിലും 'വിദേശ സൈനിക സാന്നിധ്യത്തില്‍' നിന്ന് മുക്തരാണെന്ന് ഉറപ്പാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നാണ് അദ്ദേഹം പറഞ്ഞത്.

നേരത്തെ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുമായും മാലദ്വീപ് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പോകുകയാണെന്ന് മുയിസു വ്യക്തമാക്കിയിരുന്നു. 

നിലവില്‍ 70ഓളം ഇന്ത്യന്‍ സൈനികരും റഡാര്‍ സ്റ്റേഷനുകളും നിരീക്ഷണ വിമാനങ്ങളുമാണ് മാലദ്വീപിലുള്ളത്. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ മാലിദ്വീപിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പട്രോളിംഗ് നടത്തുന്നുമുണ്ട്.

Other News