ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിഷേധം ലോകത്ത് വ്യാപിക്കുന്നു


JUNE 1, 2020, 9:43 AM IST

വാഷിംഗ്ടണ്‍: ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെയും മറ്റ് കറുത്ത അമേരിക്കക്കാരുടെയും കൊലപാതകത്തിനെതിരെ യു എസില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ അലയൊലികളുമായി ലോകം. യു കെ,  ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിഷേധക്കാര്‍ പ്രകടനങ്ങള്‍ നടത്തി. 

ജര്‍മ്മനിയിലെ ബെര്‍ലിനില്‍ പ്രതിഷേധക്കാര്‍ ഞായറാഴ്ച യു എസ് എംബസിക്കു മുമ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശനിയാഴ്ച തുടങ്ങിയ പ്രതിഷേധത്തില്‍ നൂറുകണക്കിന് ജര്‍മ്മന്‍കാര്‍ ഞായറാഴ്ചയും പങ്കെടുത്തു. അമേരിക്കയിലെ പ്രതിഷേധക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും 'ഞങ്ങളെ കൊല്ലുന്നത് നിര്‍ത്തുക', 'കറുത്തവര്‍ക്കും ജീവിക്കണം', 'നീതിയില്ലെങ്കില്‍ സമാധാനവുമില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. 

പഴയ ബെര്‍ലിന്‍ മതിലിന്റെ ഭാഗത്ത് മുവര്‍ പാര്‍ക്കില്‍ ഫ്‌ളോയിഡിന്റെ ചിത്രം വരച്ച് എനിക്ക് ശ്വാസം മുട്ടുന്നു എന്ന വാക്കുകള്‍ വലുതായി എഴുതിയിട്ടുണ്ട്. 

വാരാന്ത്യത്തില്‍ തലസ്ഥാനത്ത് ആയിരക്കണക്കിന് പേര്‍ തമ്പടിച്ച പ്രതിഷേധക്കാരെ കൂടാതെ ബുണ്ടസ്ലിഗ ലീഗിലെ നാല് സോക്കര്‍ താരങ്ങള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഒരു താരം പ്രതിഷേധ സൂചകമായി മൈതാനത്ത് മുട്ടുകുത്തിയപ്പോള്‍ മറ്റൊരു താരം ജസ്റ്റിസ് ഫോര്‍ ജോര്‍ജ്ജ് ഫ്‌ളോയ്ഡ് എന്ന് ജേഴ്‌സിയില്‍ രേഖപ്പെടുത്തിയാണ് രംഗത്തെത്തിയത്. 

ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പേരാണ് ഞായറാഴ്ച ലണ്ടനില്‍ പ്രകടനം നടത്തിയതെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ പൊലീസുകാരന്‍ കാലമര്‍ത്തി കൊലപ്പെടുത്തിയത് അനുകരിച്ച് ട്രഫാല്‍ഗര്‍ ചത്വരത്തില്‍ നൂറുകണക്കിന് പേര്‍ ഒന്‍പത് മിനുട്ടു നേരം മുട്ടുകുത്തി നിന്നു. തേംസിലേക്കും യു എസ് എംബസിയിലേക്കും മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ കറുത്തവര്‍ക്കും ജീവിക്കണം, വംശീയത ആഗോള പ്രശ്‌നം, ഇനിയെത്ര പേര്‍, നിങ്ങളുടെ നിശ്ശബ്ദത ബധിരതയാണ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി. 

സെന്‍ട്രല്‍ ലണ്ടനില്‍ ഞായറാഴ്ച 23 പേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. മാഞ്ചസ്റ്റര്‍, കാര്‍ഡിഫ് തുടങ്ങി യു കെയുടെ മറ്റു ഭാഗങ്ങൡും ഞായറാഴ്ച പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. 

കാനഡയില്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിലും ടൊറന്റോയില്‍ താമസിച്ചിരുന്ന 29കാരി റെജിസ് കോര്‍ച്ചിന്‍സ്‌കി പാക്വറ്റ് എന്ന കറുത്ത വര്‍ഗ്ഗക്കാരിയുടെ മരണത്തിലും ആഗോളതലത്തില്‍ കറുത്തവര്‍ഗ്ഗക്കാരോടുള്ള അനീതിക്കെതിരെയും പ്രതിഷേധസൂചകമായി ഒത്തുചേര്‍ന്നു. വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണാണ് റെജിസ് കോര്‍ച്ചിന്‍സ്‌കി മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം. 

ഇറാനിയന്‍ നഗരമായ മഷ്ഹാദില്‍ മെഴുകുതിരി കത്തിച്ചാണ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. കറുത്തവര്‍ക്കും ജീവിക്കണം തുടങ്ങിയ പോസ്റ്ററുകളും പതിച്ചു.

Other News