റോഹിംഗ്യന്‍ വംശജര്‍ക്കെതിരായ അതിക്രമം വംശഹത്യയല്ലെന്ന് മ്യാന്‍മര്‍


JANUARY 22, 2020, 12:27 AM IST

നയ്പിദോ: 2017ല്‍ രഖൈനില്‍ റോഹിംഗ്യന്‍ വംശജര്‍ക്കെതിരെ നടന്ന അതിക്രമം വംശഹത്യയല്ലെന്നു മ്യാന്‍മര്‍. യുദ്ധ കുറ്റകൃത്യങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മാത്രമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട്. അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്റേതാണ് കണ്ടെത്തലുകള്‍. കമ്മീഷന്റെ പ്രധാന കണ്ടെത്തലുകള്‍ തിങ്കളാഴ്ച പ്രസിഡന്റ് വിന്‍ മയന്റിനു സമര്‍പ്പിച്ചു. അതേസമയം, പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. 

സൈന്യത്തെ അസാധാരണമാംവിധം ഉപയോഗിച്ച് യുദ്ധ കുറ്റകൃത്യങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തി. നിരപരാധികളായ നിരവധിപ്പേരെ കൊന്നൊടുക്കി. അവരുടെ വീടുകള്‍ നശിപ്പിചു. എന്നാല്‍ അവയെ വംശഹത്യയുടെ ഗണത്തില്‍ പെടുത്താനാവില്ല. ഏതെങ്കിലും വംശത്തെയോ, മത വിഭാഗത്തെയോ പൂര്‍ണമായോ ഭാഗികമായോ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നു വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കമീഷന്‍ വ്യക്തമാക്കി. അതേസമയം, റോഹിംഗ്യ എന്ന വാക്കുപോലും കമീഷന്‍ പുറത്തുവിട്ട കുറിപ്പുകളില്‍ ഇല്ലെന്നാണ് വിവരം. 

ഫിലിപ്പൈന്‍സ് നയതന്ത്രജ്ഞന്‍ റൊസാരിയോ മനാലോയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മീഷനാണ് അന്വേഷണം നടത്തിയത്. കമീഷനെതിരെ തുടക്കത്തില്‍ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം സാധ്യമാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ബര്‍മീസ് റോഹിംഗ്യന്‍ ഓര്‍ഗനൈസേഷന്‍ യു.കെ അഭിപ്രായപ്പെട്ടിരുന്നു. റോഹിംഗ്യന്‍ വംശഹത്യയെന്ന വസ്തുതകളെ അപ്പാടെ കുഴിച്ചുമൂടാനും അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ശ്രദ്ധ തിരിച്ചുവിടാനുമുള്ള പബ്ലിക്ക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങളാണ് കമീഷനെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. 

2017ലെ സൈനിക ഓപ്പറേഷനെത്തുടര്‍ന്ന് 7,40,000 റോഹിംഗ്യന്‍ വംശജരാണ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായത്. റോഹിംഗ്യന്‍ മുസ്ലീങ്ങളായിരുന്നു അക്രമം നേരിട്ടവരില്‍ ഏറെയും. മ്യാന്‍മറില്‍ റോഹിംഗ്യന്‍ വംശജര്‍ക്കതിരെ തുടരുന്ന വംശഹത്യക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി അടുത്ത ദിവസങ്ങളില്‍ പരിഗണിക്കാനിരിക്കെയാണ് മ്യാന്‍മര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Other News